ഇടുക്കി: ഇടുക്കി വാഴത്തോപ്പിലെ ജില്ലാ പഞ്ചായത്തിന്റെ വനിതാ കായിക പരിശീലന കേന്ദ്ര നിർമ്മാണത്തിൽ വൻ അഴിമതിയെന്ന് പരാതി. 25 ലക്ഷം മുടക്കിയെന്ന് പറയുന്നതിന്റെ പകുതി പോലും പണി ചെയ്തിട്ടില്ലെന്നാണ് ആരോപണം. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് നാട്ടുകാർ.

2019 ലാണ് ചെറുതോണിക്കടുത്തെ വാഴത്തോപ്പിൽ വനിതാ കായിക താരങ്ങൾക്ക് പരിശീലനത്തായി ഈ ഇൻഡോർ കോർട്ടിന്റെ നിർമ്മാണം തുടങ്ങിയത്. രണ്ട് കൊല്ലമാവാറായിട്ടും പണി എങ്ങുമെത്തിയില്ല. ഇതുവരെ വകയിരുത്തിയ പണത്തിനുള്ള പണികൾ ചെയ്തെന്നും കൂടുതൽ തുക അനുവദിച്ചാലെ ഇനിയുള്ളത് പൂർത്തിയാക്കാൻ പറ്റുകയുള്ളൂവെന്നാണ് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും കരാറുകാരന്റെയും വിശദീകരണം. 

എന്നാൽ, ഇതുവരെ അനുവദിച്ച 25 ലക്ഷത്തിനുള്ള മുതലാണോ നിര്‍മിതിയില്‍ ഉള്ളതെന്നാണ് നാട്ടുകാരുടെ ചോദ്യം. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്തെ പദ്ധതിയാണിതെന്നും സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നാണ് പുതിയ എൽഡിഎഫ് ഭരണസമിതിയുടെ വിശദീകരണം.