കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളില്‍ പശുവിനെ വാങ്ങാന്‍ സബ്സിഡി നല്‍കുന്ന പദ്ധതിയിലാണ് തട്ടിപ്പ്. 

കാസര്‍കോട്: കാസര്‍കോട്ടെ കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളില്‍ പശു വിതരണ പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. പശുവിനെ വാങ്ങാന്‍ സബ്സിഡി നല്‍കുന്ന പദ്ധതിയിലാണ് തട്ടിപ്പ്. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ ഡയറി ഫാം ഇന്‍സ്‍പെക്ടര്‍ ബിനു മോന്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പശുവിന്‍റെ വിലയുടെ പകുതിയോ പരമാവധി 30,000 രൂപയോ ആണ് ഒരാള്‍ക്ക് സബ്സിഡി ലഭിക്കുക. എന്നാല്‍ സബ്‍സിഡി ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും പരാതിയുമായി എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. 

YouTube video player

തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന്‍ ഇയാളുടെ അടുപ്പക്കാരായ പത്ത് പേരുടെ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. പണം എത്തിയ ഉടനെ പിന്‍വലിച്ച് ബിനുമോന് അവര്‍ നല്‍കുകയും ചെയ്തു. സബ്സിഡി തുക സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റിയെങ്കിലും അപേക്ഷകരുടെ കണ്ണില്‍ പൊടിയിടാന്‍ ചിലര്‍ക്ക് ചെറിയ തുകകള്‍ നല്‍കുകയും ചെയ്തു. പശു വാങ്ങിയെന്ന് ഉറപ്പ് വരുത്തി, വില്‍പ്പനക്കാരുടെ അക്കൗണ്ടില്‍ നല്‍കേണ്ട തുകയാണ് നേരിട്ട് അപേക്ഷകന് നല്‍കിയത്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഒറ്റ രൂപ പോലും കിട്ടിയില്ല.

ഉദ്യോഗസ്ഥന് എതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവര്‍ വിജിലന്‍സില്‍ പരാതി നല്‍കി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിജി മാത്യു, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി വി മിനി, കാറഡുക്ക പഞ്ചായത്ത് പ്രസിഡന്‍റ് കെ. ഗോപാലകൃഷ്ണ എന്നിവര്‍ വിജിലന്‍സിന് സംയുക്ത പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. വിജിലന്‍സ് അന്വേഷണത്തിലൂടെ തട്ടിപ്പിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുമെന്നാണ് ജനപ്രതിനിധികളുടെ പ്രതീക്ഷ.