രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പട്ടികജാതി കമ്മീഷന് പൊലീസ് നൽകിയ റിപ്പോർട്ടിലുള്ളത്

കൊല്ലം: പൊലീസ് വാഹനത്തിൽനിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് എട്ടുവയസുകാരിയായ മകളെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയ കേസിൽ പൊലീസുദ്യോഗസ്ഥക്കെതിരെ കർശന നടപടി വേണമെന്ന് പട്ടികജാതി കമ്മീഷൻ. സംഭവത്തിൽ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് നൽകും.

പൊലീസ് ഉദ്യോഗസ്ഥ രജിതയെ ന്യായീകരിച്ചാണ് പൊലീസ് പട്ടികജാതി കമ്മീഷന് റിപ്പോർട്ട് നൽകിയത്. രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പട്ടികജാതി കമ്മീഷന് നൽകിയ റിപ്പോർട്ടിലുള്ളത്. സംഭവം പുറത്ത് വന്നതിന് ശേഷം ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ച് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത ചോദ്യം ചെയ്യുകയായിരുന്നു. 

പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ല നടപ്പ് പരിശീലനത്തിൽ ഒതുക്കി. ഇതോടെ വിചാരണ നേരിട്ട ജയചന്ദ്രന്‍ മകളുമായി ഡിജിപിയെ കണ്ടു. പിന്നാലെ ഐജിക്ക് അന്വേഷണച്ചുമതല നൽകി. പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് മോശം പെരുമാറ്റം നേരിട്ട പെൺകുട്ടിക്ക് ജില്ലാ ശിശു വികസനസമിതി കൗൺസിലിംഗ് നൽകി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.