പട്ടികജാതി ഗുണഭോക്താക്കൾക്കുള്ള  ഭവന നിർമാണ ധനസഹായ ഫണ്ടിൽ  പദ്ധതി വിഹിതമായി നൽകേണ്ട 37,50,000 രൂപയുടെ ക്രമക്കേട് നടത്തിയെന്നാണു കേസ്.

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പട്ടികജാതി വികസന ഓഫീസറെ അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് ബ്ലോക്ക് മുൻ പട്ടികജാതി വികസന ഓഫീസർ എ സുരേഷ് കുമാറിനെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി ഗുണഭോക്താക്കൾക്കുള്ള ഭവന നിർമാണ ധനസഹായ ഫണ്ടിൽ പദ്ധതി വിഹിതമായി നൽകേണ്ട 37,50,000 രൂപയുടെ ക്രമക്കേട് നടത്തിയെന്നാണു കേസ്.

2016 മുതൽ 20 വരെ അരീക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറായിരിക്കെ ഭവന നിർമാണത്തിനായി ഗുണഭോക്താക്കൾക്ക് നൽകേണ്ട ലക്ഷക്കണക്കിന് രൂപ തിരിമറി നടത്തി തട്ടിയെടുത്തെന്നാണ് സുരേഷ് കുമാറിനെതിരെയുള്ള കേസ്. തട്ടിയെടുത്ത പണം ഇദ്ദേഹം സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും മാറ്റി. ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ സുരേഷ്കുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ വേറെ തട്ടിപ്പുകളും പുറത്തുവന്നു.

ഇ ഹൗസിങ്ങ് പദ്ധതിക്ക് വേണ്ടി നിർമിച്ച ആപ്പിൽ കൃത്രിമം കാണിച്ചാണ് സുരേഷ് കുമാര്‍ തട്ടിപ്പ് നടത്തിയത്. വകുപ്പുതല അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സുരേഷ് കുമാർ സസ്പെൻഷനിലായിരുന്നു. പൊലീസ് കേസെടുത്തതോടെ സുരേഷ്കുമാർ
മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി തള്ളി. ഇതേ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight