അണക്കരയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ തീപടർന്ന് സ്കൂൾ ബസ് ജീവനക്കാരൻ മരിച്ചു

ഇടുക്കി: അണക്കരയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ തീപടർന്ന് സ്കൂൾ ബസ് ജീവനക്കാരൻ മരിച്ചു. ബൈക്കിന് തീപടർന്ന സ്ഥലത്തിന് സമീപത്തു നിന്ന് പെട്രോൾ വാങ്ങിയ കുപ്പികൾ കണ്ടെത്തി. ചക്കുപള്ളം സ്വദേശി കളങ്ങരയിൽ എബ്രഹാം ആണ് മരിച്ചത്. 

രാവിലെ ആറു മണിയോടെയാണ് എബ്രഹാമിൻറെ ബൈക്കിന് തീപിടിച്ചു പൊള്ളലേറ്റ് മരിച്ചത്. വാഹനത്തിൽ തീ കത്തിയതിനെ തുടർന്ന് പ്രാണരക്ഷാർത്ഥം തൊട്ടടുത്ത വയലിലേക്ക് എബ്രഹാം ഓടിയെങ്കിലും അപ്പോഴേക്കും ദേഹമാസകലം തീപടർന്നിരുന്നു. ഈ സമയം അതുവഴിയെത്തിയ പ്രദേശവാസിയാണ് ബൈക്ക് കത്തുന്നത് ആദ്യം കണ്ടത്. 

പൊലീസും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിൽ സംഭവസ്ഥലത്തിനു സമീപത്തു നിന്ന് പെട്രോൾ വാങ്ങിയ രണ്ടു കുപ്പികൾ കണ്ടെത്തി. ഇവിടെ പെട്രോളിൻറെ ഗന്ധവുമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച വൈകിട്ട് പമ്പിൽ നിന്ന് കുപ്പിയിൽ എബ്രഹാം പെട്രോൾ വാങ്ങിയതിൻറെ തെളിവുകൾ ലഭിച്ചു. കുപ്പിയിൽ നിന്നും പെട്രോൾ ബൈക്കിൽ നിറച്ചപ്പോൾ പുറത്തേക്ക് വീണതാകാമെന്നാണ് കരുതുന്നത്. 

പിന്നീട് ഇറക്കം ഇറങ്ങിക്കഴിഞ്ഞ് സ്റ്റാർട്ട് ചെയ്തപ്പോൾ തീകത്തിയതാകാമെന്നാണ് സംശയം. എബ്രഹാം ബൈക്കിലിരുന്ന് വാഹനത്തിലും ദേഹത്തും പെട്രോൾ ഒഴിച്ച ശേഷം കത്തിച്ചതാണെന്ന സംശയവും പൊലീസിനുണ്ട്. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളെന്തെങ്കിലും ഉണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം രണ്ട് വർഷം മാത്രം പഴക്കമുള്ള വാഹനം സാങ്കേതിക തകരാർ മൂലം തീ പിടിക്കാനുള്ള സാധ്യതയില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിൻറെ നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

പിറകില്‍ ആളിരിക്കുന്നത് അറിയാതെ ലോറിയെടുത്തു; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അജ്ഞാതന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം