കണ്ണൂര്‍: എട്ടുമാസം മുൻപ് സ്കൂളിൽ പിടിച്ചുവച്ച മൊബൈൽ ഫോൺ ഇളയ മകന്റെ ഓൺലൈൻ പഠനത്തിനായി തിരികെ നല്‍കണമെന്ന് പരാതിപ്പെട്ട വീട്ടമ്മയ്ക്ക് ആശ്വാസം. ഫോൺ തിരികെ നൽകാൻ തയ്യാറാണെന്ന് സ്കൂള്‍ മാനേജ്മെന്‍റ് അറിയിച്ചു. പ്രധാനാധ്യാപകന്‍റെ വീഴ്ച സ്കൂള്‍ സമ്മതിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ട് വന്നത്.

വാര്‍ത്ത വന്നതോടെ കല്യാശേരി എംഎൽഎ ടി വി രാജേഷും കണ്ണൂർ എസ്പി യതീഷ് ചന്ദ്രയും ഉടന്‍ ഇടപെടുകയായിരുന്നു. ഫോൺ തിരികെ വാങ്ങി നൽകാൻ പഴയങ്ങാടി പൊലീസിന് നിർദ്ദേശം നൽകിയതായി കണ്ണൂർ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു. പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്‍റുമായി സംസാരിച്ചെന്നും പൊലീസ് അറിയിച്ചു.

ടി വി രാജേഷ് എംഎൽഎ കുട്ടിയുടെ വീട് സന്ദർശിച്ചു. കുട്ടികൾക്ക് പഠിക്കാൻ ടി വി വാങ്ങി നൽകുമെന്നും കല്യാശേരി എംഎൽഎ പറഞ്ഞു. പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കന്ററി സ്കൂൾ പ്രധാന അധ്യാപകനാണ്, വിദ്യാർത്ഥി കലോത്സവ ദിവസം സ്കൂളിൽ കൊണ്ടുപോയ ഫോൺ പിടിച്ച് വച്ചത്. മക്കളുടെ ഓൺലൈൻ പഠനത്തിന് വേറെ വഴിയില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു പള്ളിക്കരയിലെ തയ്യൽ ജോലിക്കാരിയായ സമീറ.

കുഞ്ഞുങ്ങളെ പഠിപ്പിക്കലും വീട്ടുചെലവും മാസച്ചിട്ടിയും കഴിഞ്ഞ് മിച്ചം പിടിച്ച് 10,000 രൂപ കൊടുത്ത് വാങ്ങിയ ഒരു മൊബൈൽ ഫോൺ ആണ് പ്രധാനാധ്യാപകന്‍ പിടിച്ച് വച്ചത്. എട്ടു മാസം മുൻപ് സ്കൂളിൽ യുവജനോത്സവം നടന്നപ്പോള്‍ കൂട്ടുകാരുടെ ഒപ്പനയുടെ ഫോട്ടോ എടുക്കാനായി ഷസ ഉമ്മയോട് ഫോണും വാങ്ങി സ്കൂളിലേക്ക് പോയത്. എന്നാല്‍, പ്രധാനധ്യാപകൻ ഫോൺ പിടിച്ചുവയ്ക്കുകയായിരുന്നു.