Asianet News MalayalamAsianet News Malayalam

മാനേജർ സ്കൂൾ പൂട്ടി, പിടിഎ തുറപ്പിച്ചു; സ്കൂൾ മുറ്റത്ത് വാഴകൃഷിക്ക് കുഴിയെടുത്ത് മാനേജര്‍

സ്കൂള്‍ പൂട്ടാന്‍ ഹൈക്കോടതി അനുമതി തന്നതോടെ തനിക്കിഷ്ടമുള്ളത് ചെയ്യാൻ സ്വാതന്ത്രമുണ്ടെന്നാണ് മാനേജരുടെ വാദം.

school manager take dig for banana tree as protest against pta
Author
Piravam, First Published Jun 23, 2019, 5:57 PM IST

പിറവം: അടച്ചുപൂട്ടിയ സ്കൂള്‍ പിടിഎ ഏറ്റെടുത്ത് നടത്തിയപ്പോള്‍ സ്കൂൾമുറ്റത്ത് വാഴകൃഷിക്ക് കുഴിയെടുത്ത് മാനേജരുടെ പ്രതിഷേധം. പിറവം കാരൂർ സെന്‍റ് ഗ്രിഗോറിയസ് യുപി സ്കൂളിലാണ് സംഭവം. സ്കൂള്‍ പൂട്ടാന്‍ ഹൈക്കോടതി അനുമതി തന്നതോടെ തനിക്കിഷ്ടമുള്ളത് ചെയ്യാന്‍ സ്വാതന്ത്രമുണ്ടെന്നാണ് മാനേജരുടെ വാദം. കാരൂര്‍ ആദിവാസി കോളനിയില്‍ കഴിഞ്ഞ 32 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്കൂളാണ് സെന്‍റ് ഗ്രിഗോറിയസ്. 

5,6,7 ക്ലാസുകള്‍ മാത്രമുള്ള ഗ്രിഗോറിയസില്‍ പത്ത് വിദ്യാര്‍ത്ഥികളാണ് ഉള്ളത്. മൂന്ന് അധ്യാപകരും സ്കൂളിലുണ്ട്. നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി മാനേജര്‍ എം യു പൗലോസ് സ്കൂള്‍ പൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. പിടിഎ എതിര്‍ത്തെങ്കിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയ മാനേജര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സ്കൂളിന് മുന്നില്‍ ബോര്‍ഡും വെച്ചു. 

എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി വിധിക്കായി കാത്തിരിക്കുകയാണ് പിടിഎ. കഴിഞ്ഞയാഴ്ച മുതല്‍ പിടിഎ മുന്‍കൈ എടുത്ത് ക്ലാസ് തുടങ്ങി. ഇതോടെയാണ് മാനേജര്‍ രാവിലെ ജെസിബി കൊണ്ടുവന്ന് സ്കൂള്‍ മുറ്റത്ത് വാഴ നടാന്‍ കുഴി കുത്തിയത്. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ചതോടെ മാനേജര്‍ തിരിച്ചുപോയി. ബെഞ്ചും ഡെസ്കുമെല്ലാം മാനേജര്‍ ഒരു ഹാളിലിട്ട് പൂട്ടിയതിനാല്‍ വരാന്തയിലിരുന്നാണ് കുട്ടികള്‍ പഠിക്കുന്നത്. 

ന്യായമായ വില നല്‍കി ഭൂമി ഏറ്റെടുക്കാമെന്ന് നാട്ടുകാര്‍ വാഗ്ദാനം ചെയ്തെങ്കിലും വിപണി വില കിട്ടിയേ മതിയാവൂ എന്ന വാശിയിലാണ് മാനേജര്‍ പൗലോസ്. ഹൈക്കോടതിയുടെ അന്തിമ വിധി വരും വരെ സ്കൂള്‍ പ്രവര്‍ത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. ഇത് പോലും കണക്കിലെടുക്കാതെയാണ് മാനേജരുടെ നടപടി.

Follow Us:
Download App:
  • android
  • ios