Asianet News MalayalamAsianet News Malayalam

അവധിക്കാലത്തിന് വിട: ഇന്ന് സ്കൂൾ തുറക്കും; മൂന്നര ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിലേക്ക്

പാഠപുസ്തകങ്ങളും യൂണിഫോമും ഡിജിറ്റൽ ക്ലാസുകളുമായി കുട്ടികളെ വരവേൽക്കാൻ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ഒരുങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ സ്കൂളുകൾ

school will open today after vacation
Author
Thiruvananthapuram, First Published Jun 6, 2019, 6:19 AM IST

തിരുവനന്തപുരം: അവധിക്കാലത്തിന് വിട ചൊല്ലി സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി തൃശൂരിൽ നി‍ർവ്വഹിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഹയർസെക്കണ്ടറി അധ്യാപകർ സ്കൂളുകളിലെത്തുക.

മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികൾ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. പാഠപുസ്തകങ്ങളും യൂണിഫോമും ഡിജിറ്റൽ ക്ലാസുകളുമായി കുട്ടികളെ വരവേൽക്കാൻ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ഒരുങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ സ്കൂളുകൾ. 

മുൻ വർഷത്തെ പോലെ പൊതുവിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം ഇത്തവണയും കൂട്ടാനുള്ള പരിശ്രമത്തിലാണ് വിദ്യാഭ്യാസവകുപ്പ്. ഒന്നാം തരം മുതൽ പന്ത്രണ്ടാം തരം വരെ ഒരേ ദിവസം ക്ലാസ് തുടങ്ങുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. പതിറ്റാണ്ടുകൾക്ക് ശേഷം വിദ്യാഭ്യാസമേഖലയിലെ ഘടനാപരമായ മാറ്റങ്ങളോടെയാണ് ക്ലാസ് തുടങ്ങുന്നത്. 

ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഡിജിഇ അഥവാ ഡയറക്ടേറ്റ് ഓഫ് ജനറൽ എജ്യുക്കേഷന് കീഴിലാണ്. ഇതടക്കമുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്. സംസ്ഥാനതല-ജില്ലാതല പ്രവേശനോത്സവങ്ങൾ ഇവർ ബഹിഷ്ക്കരിക്കും. 

പാഠ്യേതര പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്നും ഹയർസെക്കണ്ടറി മേഖലയിലെ അധ്യാപകർ വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ സംരക്ഷണസമിതി വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. പരിഷ്കാരങ്ങൾക്കെതിരായ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
 

Follow Us:
Download App:
  • android
  • ios