Asianet News MalayalamAsianet News Malayalam

തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

കൊവിഡ് കണക്കിലെടുത്ത് കർശന നിയന്ത്രണമുണ്ട്. സ്ഥാനാർത്ഥിക്കൊപ്പം മൂന്നുപേർക്ക് മാത്രമായിരിക്കും വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം.

scrutiny of nomination papers for local body election today
Author
Thiruvananthapuram, First Published Nov 20, 2020, 7:17 AM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് ആറിനാണ് പത്രികാ സമര്‍പ്പണ സമയം അവസാനിച്ചത്. 1 ലക്ഷത്തി 68,028 പേരാണ് നാമനിർദേശ പത്രികകൾ സമര്‍പ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്‍റ്, നിര്‍ദ്ദേശകൻ, സ്ഥാനാര്‍ത്ഥി എഴുതി നൽകുന്ന ഒരാൾ എന്നിവര്‍ക്ക് മാത്രമേ വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനമുണ്ടാകൂ. ഈ മാസം 23ന് ആണ് നാമനിര്‍ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

1,68,028 പേരാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, കോർപറേഷനുകളിലുമായി മത്സരിക്കാനായി നാമനിര്‍ദേശപത്രിക നല്‍കിയത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 1,23,858 പത്രികകളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 14,195 പത്രികകളും ജില്ലാ പഞ്ചായത്തുകളിലേക്ക് 2,830 പത്രികകളും കിട്ടി. 22,798 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 4,347 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. വോട്ടെടുപ്പിന് മുമ്പെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 ഇടങ്ങളിൽ ഇടത് മുന്നണി ശക്തിതെളിയിച്ചു. കണ്ണൂർ ആന്തൂർ നഗരസഭയിലെ ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. 

മൊറാഴ, കാങ്കോൽ, കോൾമൊട്ട, നണിച്ചേരി, ആന്തൂർ, ഒഴക്രോം വാർഡുകളിലാണ് സിപിഎം മാത്രം നാമനിർദ്ദേശ പത്രിക നൽകിയത്. ആന്തൂരിൽ കഴിഞ്ഞ തവണ 14 ഇടത്ത് എതിരാളികളില്ലാതെ എൽഡിഎഫ് ജയിച്ചിരുന്നു. കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ അ‍ഞ്ചിടത്തും എൽഡിഎഫിന് എതിർ സ്ഥാനാർത്ഥികൾ പത്രിക നൽകിയില്ല. അടുവാപ്പുറം നോർത്ത്, കരിമ്പിൽ, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, കോവുന്തല വാർഡുകളിലാണിത്. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിൽ രണ്ട് വാർഡുകളിലും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഒരു വാർഡിലും ഇടത് സ്ഥാനാർത്ഥികൾ മാത്രം. കോട്ടയം മലബാർ പ‌ഞ്ചായത്തിലെ മൂന്നാം വാർഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാർഡിലും സിപിഎം സ്ഥാനാർത്ഥികൾ മാത്രമാണ് പത്രിക നൽകിയത്.

കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ മൂന്ന് സീറ്റിലും ഇടതിന് എതിരില്ല. ഈ മാസം 12 മുതലായിരുന്നു പത്രിക സമർപ്പണം. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു പത്രികാ സമർപ്പണം. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23 നാണ്.

Follow Us:
Download App:
  • android
  • ios