തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്ഡിപിഐ നേടിയത് തിളക്കമാർന്ന വിജയമാണ്. സംസ്ഥാനത്ത് വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 102 സീറ്റുകളിലാണ് എസ്ഡിപിഐ സ്ഥാനാർത്ഥികൾ വിജയിച്ചത്. പ്രധാന മുന്നണികളെല്ലാം വെല്‍ഫെയര്‍ വിവാദത്തില്‍ ചുറ്റിത്തിരിഞ്ഞതും പ്രാദേശിക സാഹചര്യമനുസരിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനായതുമാണ് എസ്ഡിപിഐക്ക് നേട്ടമായത്. 

തിരുവനന്തപുരം കോര്‍പറേഷനിലുള്‍പ്പടെ പ്രബല മുന്നണികളോട് ഇഞ്ചോടിഞ്ചു പോരാട്ടമാണ് എസ്ഡിപിഐ നടത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2015 ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ 47 സീറ്റുണ്ടായിരുന്ന പാര്‍ട്ടിയാണ് ഇത്തവണ ഒരു മുന്നണിയുടെയും ഭാഗമാകാതെ നൂറിലധികം സീറ്റുകള്‍ നേടിയത്. 200 ലധികം സീറ്റുകളില്‍ എസ്ഡിപിഐ രണ്ടാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തെത്തിയ പല വാര്‍ഡുകളിലും 10 ല്‍ താഴെ വോട്ടുകള്‍ക്കാണ് എസ്ഡിപിഐ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. 

ആലപ്പുഴ, പെരുമ്പാവൂര്‍, ചിറ്റൂര്‍ - തത്തമംഗലം, മഞ്ചേരി, വടകര, ഇരിട്ടി, നിലേശ്വരം മുനിസിപാലിറ്റികളില്‍ അക്കൗണ്ട് തുറന്ന പാര്‍ട്ടി പത്തനംതിട്ട, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളില്‍ നിര്‍ണായക സാന്നിധ്യമാണെന്ന് തെളിയിച്ചു. ഈരാറ്റുപേട്ട മുനിസിപാലിറ്റിയില്‍ അഞ്ചു സീറ്റും പത്തനംതിട്ട മുനിസിപാലിറ്റിയില്‍ നാലു സീറ്റും കണ്ണൂര്‍ ഇരിട്ടി മുനിസിപാലിറ്റിയില്‍ മൂന്നു സീറ്റും നേടി.   പത്തനംതിട്ട മുന്‍സിപാലിറ്റിയിലും ഈരാറ്റുപേട്ട മുന്‍സിപാലിറ്റിയിലും ഇരിട്ടി മുന്‍സിപാലിറ്റിയിലും ആര് ഭരിക്കണമെന്ന് എസ്ഡിപിഐയ്ക്ക് തീരുമാനിക്കാം. എന്നാല്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തെ മുഴുപ്പിലങ്ങാട് പഞ്ചായത്തില്‍ നേടിയ നാല് സീറ്റാണ് ഏറ്റവും വലിയ നേട്ടമായി പാര്‍ട്ടി വിലയിരുത്തുന്നത്.

അതേസമയം, മുഴുപ്പിലങ്ങാട്ടെ എസ്ഡിപിഐ വിജയം സംബന്ധിച്ച തര്‍ക്കങ്ങളും ചൂടുപിടിക്കുകയാണ്.  സിപിഎം സഹായത്തോടെയാണ് എസ്ഡിപിഐ നേട്ടമുണ്ടാക്കിയതെന്ന് കോൺ​ഗ്രസ് നേതാവ് കെ സുധാകരന്‍ ആരോപിച്ചപ്പോള്‍ വോട്ടുമറിച്ചത് ബിജെപി ആണെന്നായിരുന്നു പി ജയരാജന്‍റെ പ്രതികരണം. 

തിരുവല്ല മുനിസിപാലിറ്റിയില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബഡാജെ ഡിവിഷനില്‍ ഹമീദ് ഹൊസങ്കടി വിജയിച്ചു. കൊല്ലം കോര്‍പറേഷനിലെ സിറ്റിങ് സീറ്റ് എസ്ഡിപിഐ ഇത്തവണ നിലനിര്‍ത്തി. തിരുവനന്തപുരം (10), കൊല്ലം (10), പത്തനംതിട്ട (6), ആലപ്പുഴ (13), കോട്ടയം (10), ഇടുക്കി (1), കാസര്‍ഗോഡ് (9), കണ്ണൂര്‍ (13), കോഴിക്കോട് (4), മലപ്പുറം (9), പാലക്കാട് (7), തൃശൂര്‍ (5), എറണാകുളം (5) സീറ്റുകളാണ് എസ്ഡിപിഐ നേടിയത്. 

 പാര്‍ട്ടി നിര്‍ണായകമായ ഇടങ്ങളില്‍ ഭരണ സ്തംഭനം ഒഴിവാക്കാന്‍ പ്രാദേശിക തലത്തില്‍ തീരുമാനമെടുക്കുമെന്നും എന്നാല്‍  ആരുമായും കൂട്ടുകെട്ട് ഉണ്ടാക്കില്ലെന്നുമാണ് എസ്ഡിപിഐ നേതാക്കളുടെ പ്രതികരണം.