കൊല്ലം: തങ്കശ്ശേരി മുതല്‍ താന്നി വരെയുളള കടപ്പുറം ഭാഷ നിഘണ്ടു രൂപത്തില്‍ പുറത്തിറങ്ങി. തങ്കശ്ശേരി സ്വദേശി ജെര്‍സൻ സൈബാസ്റ്റ്യൻ ആണ് നിഘണ്ടു തയ്യാറാക്കിയിരിക്കുന്നത്. 'ഞാങ്ങ നീങ്ങ' എന്ന് പേരിട്ടിരിക്കുന്ന നിഘണ്ടു രാജ്യത്തെ രണ്ടാമത്തെ പ്രാദേശിക കടല്‍ ഭാഷ നിഘണ്ടു കൂടിയാണ്.

മറ്റുളളവര്‍ക്ക് മനസ്സിലാകാത്ത തങ്കശ്ശേരി കടപ്പുറം ഭാഷയാണ് ഞാങ്ങ നീങ്ങയിലൂടെ ജെർസൻ പരിചയപ്പെടുത്തുന്നത്.‌ അച്ഛനൊപ്പം കുട്ടിക്കാലത്ത് മീൻ പിടിക്കാനും വില്‍ക്കാനും പോയപ്പോൾ കേട്ട വാക്കുകൾ, വീട്ടിലെ സംസാര ഭാഷ, കടപ്പുറത്തെ സംസാരതീതി ഇതില്‍ നിന്നെല്ലാം വാക്കുകൾ കണ്ടെത്തിയതാണ് നിഘണ്ടു ഒരുക്കിയിരിക്കുന്നത്. പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ്, സ്പാനിഷ്, ചൈനീസ്, അറബിക് ഭാഷാ സ്വാധീനം തങ്കശ്ശേരി കടപ്പുറം ഭാഷയ്ക്കുണ്ടെന്ന് ജെര്‍സൻ പറയുന്നു.

1700 വാക്കുകളാണ് ആദ്യഘട്ടത്തില്‍ നിഘണ്ടുവില്‍ ഉൾക്കൊളളിച്ചിരിക്കുന്നത്. കൂടുതല്‍ സംസാര ഭാഷ ഉള്‍പ്പെടുത്തി പുസ്തകം വിപുലീകരിക്കാനും ജെര്‍സൻ ഉദ്ദേശിക്കുന്നുണ്ട്. യുനെസ്കോയുടെ അന്താരാഷ്ട്ര പൈതൃക പട്ടികയിലേക്ക് തങ്കശ്ശേരി കടപ്പുറം ഭാഷയേയും എത്തിക്കാനാണ് ജെര്‍സന്‍റെ ശ്രമം. സ്ഥിതി പ്രസാധകര്‍ ആണ് നിഘണ്ടു പ്രസിദ്ധീകരിച്ചിരിക്കുന്നത്.