തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് 3.5 മീറ്റർ മുതൽ 4.5 വരെ ഉയരത്തിൽ തിരയടിക്കാനാണ് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് 3.5 മീറ്റർ മുതൽ 4.5 വരെ ഉയരത്തിൽ തിരയടിക്കാനാണ് സാധ്യത. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരം വിട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പുകളെല്ലാം നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നേരിയ തോതില്‍ മഴ തുടരുന്നുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങളില്ല.

ടൗട്ടേ കേരള തീരം വിട്ടതോടെ ഇനി മണ്‍സൂണ്‍ തുടങ്ങുന്നത് വരെ അന്തരീക്ഷം ശാന്തമായിരിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. അതേസമയം ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ച വടക്കന്‍ ജില്ലകളില്‍ പക്ഷേ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ബന്ധുവീടുകളില്‍ തുടരുകയാണ്. കടല്‍ഭിത്തിയും റോഡും കുടിവെളള പൈപ്പുകളും തകര്‍ന്ന കോഴിക്കോട് അഴീക്കല്‍ പഞ്ചായത്തില്‍ അറ്റകുറ്റപ്പണികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona