മലപ്പുറം/വയനാട്: വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും മണ്ണിനടിയിൽപെട്ടവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കവളപ്പാറയിൽ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ 24 പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയിലെ ദുരന്ത ഭൂമിയിൽ നിന്ന് കണ്ടെടുത്തത്. 35 പേരെയാണ് ഇനി മണ്ണിനടിയിൽ നിന്ന് കണ്ടെത്താനുള്ളത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 96 ആയി. 

മഴ മൂലം കവളപ്പാറയിൽ തെരച്ചിൽ താൽക്കാലികമായി നി‍ർത്തിവച്ചിരിക്കുകയാണ്. കവളപ്പാറയിൽ മണ്ണിനടിയിൽ കുടുങ്ങിയവർക്കായി സോണാർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്ന് തുടങ്ങിയേക്കും. പുത്തുമല ദുരന്തത്തിലെ ഏഴ് മൃതദേഹങ്ങളുടെയും സ്ഥാനം വിദഗ്ധന്‍റെ സഹായത്തോടെ നിർണ്ണയിച്ച് പ്രത്യേക ഭൂപടം തയ്യാറാക്കി തെരച്ചിൽ നടത്തുകയാണ് ഇപ്പോൾ. കോഴിക്കോട് നിന്നുള്ള വിദഗ്ധൻ പ്രകാശനാണ് മാപ്പ് വരച്ചത്. ഈ ഭൂപടത്തി‍ന്‍റെ അടിസ്ഥാനത്തിൽ സ്ഥാന നിർണ്ണം നടത്തുകയാണ് ഇപ്പോൾ.
 
പുത്തുമലയിൽ തുടർച്ചയായി അഞ്ചാം ദിവസമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കഴിഞ്ഞദിവസത്തില്‍ നിന്നും വ്യത്യസ്ഥമായി പന്ത്രണ്ടോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് മണ്ണുമാന്തി രക്ഷാദൗത്യം നടത്തുന്നത്. പുത്തുമലയിൽ സംഭവിച്ചത് ഉരുൾപൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലെന്നാണ് മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോർട്ട്. ദുരിതബാധിതർക്കുളള ധനസഹായം ഇന്ന് മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിക്കും.