Asianet News MalayalamAsianet News Malayalam

കാണാതായ ഏഴ് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു; ആശങ്കയോടെ കുടുംബം

കനത്ത മഴയിൽ സംസ്ഥാനത്തെ പലയിടത്തും കടലാക്രമണം രൂക്ഷമാകുന്നു. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

search continues for missing fisherman in kollam and vizhinjam
Author
Thiruvananthapuram, First Published Jul 20, 2019, 6:42 AM IST

തിരുവന്തപുരം: വിഴിഞ്ഞത്ത് നിന്നും കൊല്ലത്ത് നിന്നും കാണാതായ ഏഴ് മത്സ്യത്തൊഴിലാളികൾക്കായി ആശങ്കയോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങൾ. ഇന്നലെ രാത്രി നിർത്തിവെച്ച തിരച്ചിൽ ഇന്ന് വീണ്ടും തുടരുകയാണ്.

ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ബോട്ടിലുള്ളവരെ കുറിച്ചാണ് ഒരു വിവരവും ഇല്ലാത്തത്. പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസൻ, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരാണ് ബോട്ടിലുള്ളത്. വ്യാഴാഴ്ച രാവിലെയോടെയാണ് ഇവർ തിരിച്ചെത്തേണ്ടിയിരുന്ന്. മറൈൻ എൻഫോഴ്സ്മെന്റും തീരസംരക്ഷണ സേനയും തിരിച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊച്ചിയിൽ നിന്ന് ഡോണിയർ വിമാനവും ഹെലികോപ്ടറുകളും എത്തിച്ച് തിരച്ചിൽ നടത്തുമെന്ന് അറിയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ശ്രമം നടന്നില്ല. ഇന്ന് രാവിലെയോടെ വിമാനം എത്തിച്ച് തിരച്ചിൽ തുടരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്.

കൊല്ലം ശക്തിക്കുളങ്ങറ ഭാ​ഗത്ത് നിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് അഞ്ച് പേർ അപകടത്തില്‍പ്പെട്ടു. ഇതിൽ തമിഴ്നാട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിൻ എന്നിവർ നീന്തി രക്ഷപ്പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന രാജു, ജോൺബോസ്കൊ, സഹായരാജു എന്നിവരെ ഇതുവരെ കണ്ടെത്താനായില്ല. ഇവർക്കായുള്ള തിരച്ചിലും തുടരുകയാണ്. രക്ഷപ്പെട്ട സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സാഗര മാതാ എന്ന ബോട്ടാണ് മറിഞ്ഞത്. തകർന്ന വള്ളം നീണ്ടകരയിൽ തീരത്ത് അടിഞ്ഞിട്ടുണ്ട്.

അതേസമയം, കനത്ത മഴയിൽ സംസ്ഥാനത്തെ പലയിടത്തും കടലാക്രമണം രൂക്ഷമാകുന്നു. വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Follow Us:
Download App:
  • android
  • ios