കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി വ്യക്തമായിരുന്നു. മുറിവുകളുള്ള കടുവ കാട്ടിൽ ഇര തേടാൻ കഴിയാതെ ജനവാസ മേഖലയിൽ തമ്പടിച്ചതായാണ് നിഗമനം

കൽപ്പറ്റ: വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടരുന്നു. 2 കുങ്കിയാനകളുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെയാണ് തെരച്ചിൽ. വനം വകുപ്പ് പുറത്തുവിട്ട കടുവയുടെ ചിത്രത്തിൽ നിന്ന്, കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി വ്യക്തമായിരുന്നു. മുറിവുകളുള്ള കടുവ കാട്ടിൽ ഇര തേടാൻ കഴിയാതെ ജനവാസ മേഖലയിൽ തന്പടിച്ചതായാണ് നിഗമനം. ഇതുവരെ 15 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വനം വകുപ്പിൻ്റെയും പൊലീസിൻ്റെയും വൻ സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

സ്കൂളിൽ പോകാൻ കുട്ടികൾക്ക് സുരക്ഷയൊരുക്കും

കടുവാപ്പേടി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് സംരക്ഷണം നൽകാനും തീരുമാനിച്ചിട്ടുണ്ട്. സ്കൂളിൽ പോകാൻ കുട്ടികൾക്ക് പൊലീസ് സംരക്ഷണം ഏ‌‌ർപ്പെടുത്തും. പാൽ പത്ര വിതരണ സമയത്തും പൊലീസും വനംവകുപ്പും സുരക്ഷയൊരുക്കും. കുറുക്കൻമൂലയിൽ വൈദ്യുതി ബന്ധം തടസപ്പെടുത്തരുതെന്ന് കെഎസ്ഇബിക്കും നി‌‌ർദേശം നൽകിയിട്ടുണ്ട്. 

രാത്രി സമയത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ കാട് കയറിക്കടക്കുന്ന സ്ഥലങ്ങൾ വെട്ടിതെളിക്കാൻ റവന്യു വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. 14 ദിവസത്തിനിടെ 10 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.