കോഴിക്കോട്: ടോക്കണില്ലാതെ ബാറുകളില്‍ മദ്യം നല്‍കുന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെ കോഴിക്കോട് മദ്യശാലകളില്‍ വ്യാപക പരിശോധന. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. എക്സൈസിന്‍റെ 14 സംഘങ്ങളാണ് പരിശോധന തുടങ്ങിയത്. ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. 

സംസ്ഥാനത്തെ ബാറുകള്‍ക്ക് മദ്യം അനുവദിക്കുന്നത് ബെവ്കോ വെയര്‍ഹൗസുകളില്‍ നിന്നാണ്. കൊവിഡിന് മുമ്പ് ബാറുകള്‍ക്ക് യഥേഷ്ടം മദ്യം വാങ്ങാമായിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ബെവ്ക്യൂ ആപ് നിലവില്‍ വന്നതോടെ ബാറുകളില്‍ കച്ചവടം കൂടുകയും ബെവ്കോ ഔട്ട്ലറ്റുകളില്‍ വില്‍പന കുത്തനെ കുറയുകയും ചെയ്തു. പ്രതിസന്ധി രൂക്ഷമായതോടെ ബെവ്കോ ഔട്ട്ലറ്റുകള്‍ക്ക് അനുവദിക്കാവുന്ന ടോക്കണുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചു. ഒപ്പം ബാറുകള്‍ക്കനുവദിക്കുന്ന മദ്യത്തിന്‍റെ അളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ബെവ്കോ എംഡി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഈ നിര്‍ദ്ദേശം ബെവ്കോ തന്നെ അട്ടിമറിച്ചു.

നഗരത്തിലെ മഹാറാണി ബാറില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ രാത്രി പത്ത് മണിക്ക് മുമ്പുള്ള അഞ്ച് ദിവസം അനുവദിച്ച ടോക്കണുകളുടെ എണ്ണം ബെവ്കോ ആപ്പില്‍ നിന്നെടുത്തു. ശരാശരി 200 ടോക്കണുകളില്‍ താഴെ മാത്രം. അതായത് ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം 600 ലിറ്റര്‍ വിദേശ മദ്യമാണ് ഈ ബാറിന് അനുവദിക്കേണ്ടത്. ഒക്ടോബര്‍ മാസത്തെ 29 പ്രവൃത്തി ദിവസങ്ങള്‍ക്കായി 17400 ലിറ്റര്‍ മദ്യം അനുവദിക്കാം. കൊടുത്തതോ 5553 കെയ്സുകളിലായി 49977 ലിറ്റര്‍ വിദേശ മദ്യം. 

അതായത് പരമാവധി അനുവദിക്കാവുന്നതില്‍ മൂന്നിരട്ടിയിലേറെ. കോഴിക്കോട് നഗരത്തിലെ തന്നെ കോപ്പര്‍ഫോളിയ ബാറിലെ സ്ഥിതിയും ഇത് തന്നെ. ഒക്ടോബര്‍ മാസത്തെ അഞ്ച് ദിവസങ്ങളിലെ ടോക്കണ്‍ കണക്കെടുത്ത് ശരാശരി നോക്കി. ദിവസം 200 ല്‍ താഴെ. പരമാവധി ഒക്ടോബറില്‍ 17400 ലിറ്റര്‍ മദ്യം കൊടുക്കാം. പക്ഷേ കൊടുത്തതോ, 49122 ലിറ്റര്‍ മദ്യം. കോഴിക്കോട് നഗരത്തിലെ തന്നെ മറ്റ് ചില ബാറുകളില്‍ ദിവസം 25 ടോക്കണ്‍ പോലും പോയില്ല.. അവര്‍ക്കും കിട്ടി അനുവദിക്കാവുന്നതില്‍ അഞ്ചും പത്തും ഇരട്ടി മദ്യം. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ വീഴ്ചയാണെന്നായിരുന്നു ബെവ്കോ ഇന്‍റേര്‍ണല്‍ ഓഡിറ്ററുടെ പ്രതികരണം.