നിലമ്പൂര്‍: ഉരുൾപൊട്ടൽ അപകടമുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും.

കവളപ്പാറയില്‍ ഇതു വരെയുള്ള തെരച്ചിലിൽ 46 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 13 പേരെക്കൂടിയാണ് കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയർഫോഴ്‌സും  സന്നദ്ധ സംഘടന പ്രവർത്തകരുമാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ തെരച്ചിൽ നടത്തിയിട്ടും ആരേയും കണ്ടത്താൻ കഴിഞ്ഞിരുന്നില്ല.

പുത്തുമല ദുരന്തത്തിൽ കാണാതായ അഞ്ചു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പുത്തുമലയിൽ തിരച്ചിൽ പൂർണമായും അവസാനിപ്പിച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് മാത്രമാണ് ഇന്ന്  തിരച്ചിൽ. ദുരന്തമേഖലയിൽ നിന്ന് 6 കിലോമീറ്റർ മാറിയാണ് സൂചിപ്പാറ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസവും ഈ മേഖലയിൽ നിന്ന് മൃതദേഹങ്ങള്‍  കിട്ടിയിരുന്നു.

പുത്തുമലയില്‍ അപകടത്തില്‍പ്പെട്ടവര്‍ മലവെള്ളപ്പാച്ചിലില്‍ സൂചിപ്പാറയില്‍ എത്തിയേക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് തെരച്ചില്‍ ഇങ്ങോട്ട് മാറ്റിയത്. പുത്ത് മലയിൽ  ഭൂഗർഭ റഡാർ ഉപയോഗിച്ച് ഇന്നലെ നടത്തിയ തെരച്ചിൽ വിജയിച്ചിരുന്നില്ല.