ഇടുക്കി: ഇടുക്കി അടിമാലിയില്‍ രോഗിയായ ലൈലാമണിയെന്ന വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. 
രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച മാത്യു ഇവരുടെ രണ്ടാം ഭര്‍ത്താവാണ്. മുൻപും ഇതേ രീതിയില്‍ ലൈലാമണിയെ ഉപേക്ഷിക്കാനുള്ള ശ്രമം ഇയാള്‍ നടത്തിയിരുന്നു. തിരുവനന്തപുരത്ത്‌ വെഞ്ഞാറംമൂട് വച്ചായിരുന്നു അത്. അന്ന് പൊലീസ് ബന്ധുക്കളെ കണ്ടെത്തി ലൈലാമണിയെ അവര്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. ലൈലാമണിയുടെ ചികിത്സയ്ക്ക് എന്ന പേരിൽ മാത്യു വ്യാപകമായി പണപ്പിരിവ് നടത്തിയിരുന്നതായി സ്‌പെഷൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

അതിനിടെ മാധ്യമങ്ങളില്‍ നിന്നുളള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ലൈലാമണിയുടെ മകന്‍ ഇന്ന് അമ്മയെ തിരഞ്ഞ് എത്തിയിരുന്നു.  ഇവരുടെ ആദ്യ ഭർത്താവിലുള്ള മകൻ മഞ്ജിതാണ് അമ്മയെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ് ആശുപത്രിയിൽ എത്തിയത്. ഇയാള്‍ കട്ടപ്പനയിലാണ് താമസിക്കുന്നത്. ഇയാളുടെ വീട്ടിലേക്കായിരുന്നു ലൈലാമണിയുടേയും മാത്യുവിന്‍റേയും യാത്ര. മാത്യുവിനു ഏതെങ്കിലും തരത്തിൽ അപായം പറ്റിയതാകുമോ എന്നായിരുന്നു തുടക്കത്തില്‍ സംശയം. എന്നാല്‍ മാത്യുവിനു ഏതെങ്കിലും തരത്തിൽ അപായം പറ്റിയതായി വിവരം ഇല്ലെന്നും മനപ്പൂർവം ഉപേക്ഷിച്ചു പോയതാകുമെന്നുമാണ് പൊലീസ് പ്രതികരിക്കുന്നത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

രോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കാറിലുപേക്ഷിച്ച സംഭവം; ഒടുവില്‍ അമ്മയെ തേടി മകൻ എത്തി

വയനാട് തലപ്പുഴ വെണ്മണിയിൽ ആയിരുന്നു രണ്ടാം ഭര്‍ത്താവുമൊത്ത് ലൈലാമണി താമസിച്ചിരുന്നത്. തിരുവനന്തപുരം കല്ലറ സ്വദേശിയാണ് ഇവര്‍. 22  വര്‍ഷം മുമ്പാണ് ആദ്യ ഭര്‍ത്താവ് മരിച്ചത്. അതിന് ശേഷം 2014 മുതലാണ് മാത്യുവിനൊപ്പം താമസിച്ചിരുന്നത്. മാത്യുവിനെതിരെ പരാതി നല്‍കുമെന്ന് മകന്‍ അറിയിച്ചതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. മാത്യുവിന്‍റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. 

ഇന്നലെയാണ്  ഇടുക്കി അടിമാലിയില്‍ രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് . രണ്ടുദിവസമാണ് പാതയോരത്ത് ഉപേക്ഷിച്ച കാറില്‍ വീട്ടമ്മ കഴിഞ്ഞത്. അവശനിലയിലായ വീട്ടമ്മയെ പൊലീസ് ആശുപത്രിയില്‍  എത്തിച്ചു. ശരീരം പാതി തളര്‍ന്ന ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കട്ടപ്പനയിലുള്ള മകന്‍റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഭര്‍ത്താവ് മാത്യു മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയെന്നും പിന്നീട് തിരിച്ച് വന്നില്ലെന്നാണ് ലൈലാമണി പൊലീസിനോട് പറഞ്ഞത്.