ഇടുക്കി: ഇടുക്കി അടിമാലിയില്‍ രോഗിയായ വീട്ടമ്മയെ കാറിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ തേടി മകൻ എത്തി. കട്ടപ്പന സ്വദേശി മഞ്ജിത് ആണ് അമ്മ ലൈലാമണിയെ തേടിയെത്തിയത്. മാധ്യമങ്ങളില്‍ നിന്നും അമ്മയെ കാറില്‍ ഉപേക്ഷിച്ചുവെന്ന വാര്‍ത്ത കണ്ടാണ് മകൻ അമ്മയെ തേടി എത്തിയതെന്നാണ് വിവരം.

അതേസമയം രോഗിയായ ഭാര്യയെ കാറിനുള്ളില്‍ ഉപേക്ഷിച്ച ഭർത്താവ് കെജെ മാത്യുവിനെ സംബന്ധിച്ച് ദുരൂഹതകള്‍ തുടരുകയാണ്. ഇയാളെ ഇതുവരേയും കണ്ടെത്തിയിട്ടില്ല. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ലൈലാമണിയുടെ ചികിത്സയ്ക്ക് എന്ന പേരിൽ ഇയാൾ വ്യാപകമായി പണപ്പിരിവ് നടത്തിയിരുന്നതായി സ്‌പെഷൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

'രണ്ട് ദിവസം കേരളത്തിന്‍റെ പെരുവഴിയില്‍'; രോഗിയായ ഭാര്യയെ കാറില്‍ ഉപേക്ഷിച്ച് ഭര്‍ത്താവിന്‍റെ ക്രൂരത

ഇന്നലെയാണ്  ഇടുക്കി അടിമാലിയില്‍ രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് . രണ്ടുദിവസമാണ് പാതയോരത്ത് ഉപേക്ഷിച്ച കാറില്‍ വീട്ടമ്മ കഴിഞ്ഞത്. അവശനിലയിലായ വീട്ടമ്മയെ പൊലീസ് ആശുപത്രിയില്‍  എത്തിച്ചു. ശരീരം പാതി തളര്‍ന്ന ഇവര്‍ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. വയനാട് തലപ്പുഴ വെണ്മണിയിൽ ആയിരുന്നു ഇരുവരും താമസിച്ചിരുന്നത്. കട്ടപ്പനയിലുള്ള മകന്‍റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഭര്‍ത്താവ് മാത്യു മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയെന്നും പിന്നീട് തിരിച്ച് വന്നില്ലെന്നാണ് ലൈലാമണി പൊലീസിനോട് പറഞ്ഞത്.