പത്ത് പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനാണ് തീരുമാനം. പൊലീസിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വിഐപികളുടെ യാത്രക്കുമാണ് സ്വകാര്യ കമ്പനിയിൽ നിന്നും ഹെലികോപ്റ്റർ വാടക്കെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തിന് സ്ഥിരമായി ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് 2 മണിക്കാണ് യോഗം. സാമ്പത്തിക വിനിയോഗം കണക്കാക്കാന്‍ ധനവകുപ്പ് സെക്രട്ടറിയെയും വ്യോമസേന പ്രതിനിധിയെയും കഴിഞ്ഞ യോഗത്തില്‍ ചുമതലപ്പെടുത്തിയിരുന്നു.

പത്ത് പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ഹെലികോപ്റ്റര്‍ വാടകയ്‍ക്കെടുക്കാനാണ് തീരുമാനം. പൊലീസിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വിഐപികളുടെ യാത്രക്കുമാണ് സ്വകാര്യ കമ്പനിയിൽ നിന്നും ഹെലികോപ്റ്റർ വാടയ്‍ക്കെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ധനവകുപ്പ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, വ്യോമസേന പ്രതിനിധി, പൊതുഭരണ സെക്രട്ടറി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

പലപ്പോഴായി മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ യാത്രകൾ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. തൃശൂരിൽ പാർട്ടി സമ്മേളനത്തിൽ നിന്നും പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റർ യാത്ര വിവാദമായതിന് പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റർ എന്ന ചർച്ചകള്‍ സജീവമായത്. വി എസ് സർക്കാരിന്‍റെ കാലത്ത് തള്ളികളഞ്ഞ ശുപാർശ വീണ്ടും സജീവമാക്കാനുള്ള നീക്കം തുടങ്ങിയത് പൊലീസ് ആസ്ഥാനത്തു നിന്നുമായിരുന്നു

മാവോയിസ്റ്റ് വിരുദ്ധപോരാ‍ട്ടത്തിനും പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ അടിയന്തര സേവനങ്ങളെത്തിക്കാനും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുകയോ വാങ്ങുകയോ ചെയ്യണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. പ്രളയം വന്നതോടെ ഹെലികോപ്റ്റർ ചർച്ച വീണ്ടും സജീവമായി. ചിപ്സണ്‍, പവൻഹാസൻസ് കോർപ്പറേഷൻ എന്നീ രണ്ടു കമ്പനികള്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. 

പ്രതിമാസം നിശ്ചിത തുക വാടക സംസ്ഥാനം നൽകും, എപ്പോള്‍ ആവശ്യപ്പെട്ടാലും കരാർ പ്രകാരമുളള മണിക്കൂറുകള്‍ ഹെലികോപ്റ്റർ പറത്താൻ കമ്പനികള്‍ തയ്യാറണമെന്നാകും വ്യവസ്ഥ. പൊലീസിന്‍റെ പ്രവർത്തനങ്ങള്‍ ഇല്ലാത്തപ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകൾക്കും ഹെലികോപ്റ്റർ ഉപയോഗിക്കും എന്നിങ്ങനെയായിരുന്നു ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിലെ വ്യവസ്ഥകൾ, ഇതനുസരിച്ച് ഹെലികോപ്റ്റർ ഉപയോഗിച്ചില്ലെങ്കിലും കമ്പനിക്ക് പണം കൊടുക്കേണ്ടിവരും.