ഹർജിയിൽ പ്രോസിക്യൂഷന്റെ നിലപാട് തേടിയ കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞില്ല. ഹർജിയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ നിലനിൽക്കില്ലെന്നും പരാതിക്കാരി ഇല്ലാത്ത എഫ്ഐആർ ആണെന്നും രാഹുൽ വാദിച്ചു.

തിരുവനന്തപുരം: 23 കാരിയെ ബലാത്സം​ഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ പ്രോസിക്യൂഷന്റെ നിലപാട് തേടിയ കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞില്ല. ഹർജിയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ നിലനിൽക്കില്ലെന്നും പരാതിക്കാരി ഇല്ലാത്ത എഫ്ഐആർ ആണെന്നും രാഹുൽ വാദിച്ചു. കെപിസിസി പ്രസിഡൻ്റിന് ലഭിച്ചത് ഇ മെയിൽ സന്ദേശം മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കണ്ടിട്ടുള്ള ഒരു കേസാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വാദിച്ചു. ഇത് 2023 ലെ പരാതി ആണെന്നും കെപിസിസി പ്രസിഡൻ്റിന് പരാതി കിട്ടിയത് കൊണ്ടല്ലേ രാഷ്ട്രീയമായതെന്നും കോടതി ചൂണ്ടിക്കാട്ടി. 

കേസിൽ വാദം പൂർത്തിയാവുന്നത് വരെ തൻ്റെ അറസ്റ്റ് തടയണമെന്ന രാഹുലിൻ്റെ ഇടക്കാല ആവശ്യം കോടതി അം​ഗീകരിച്ചില്ല. ഇത് രാഷ്ട്രീയപ്രേരിത കേസാണോ എന്ന് കോടതി ചോദിച്ചു. കെപിസിസി പ്രസിഡൻ്റിന് പരാതിയിൽ കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടാകാം പൊലീസിന് ഫോർവേഡ് ചെയ്തതെന്നും അറസ്റ്റ് തടയാൻ ഈ കോടതിക്ക് അധികാരമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. 2023ലെ പരാതി അല്ലേയെന്ന് ചോദിച്ച കോടതി ആ സാഹചര്യത്തിൽ അറസ്റ്റ് തടയുന്നതിന് കോടതിക്ക് അധികാരമുണ്ടെന്നും എന്നാൽ പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് ഇപ്പോൾ അറസ്റ്റ് തടയുന്നില്ലെന്നും വ്യക്തമാക്കുകയായിരുന്നു.

23കാരിയായ പെണ്‍കുട്ടിയാണ് രാഹുലിനെതിരെ ബലാത്സംഗ പരാതി നൽകിയത്. കെപിസിസിക്ക് ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. പരാതി കെപിസിസി പൊലീസിന് കൈമാറുകയായിരുന്നു. ഈ കേസിലാണ് മുൻകൂർ ജാമ്യത്തിനായി രാഹുൽ കോടതിയിലെത്തിയത്. നേരത്തെ, നിയമപരമായി മുന്നോട്ട് പോവാൻ പെണ്‍കുട്ടിക്ക് താൽപ്പര്യമില്ലായിരുന്നു. എന്നാൽ ആദ്യത്തെ പരാതി പുറത്തുവന്നതോടെയാണ് പെണ്‍കുട്ടി നിയമപരമായി നേരിടാൻ തയ്യാറായത്. 

അതേസമയം, യുവതിയെ ബലാത്സംഗം ചെയ്ത് നിർ‍ബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് ഹൈക്കോടതി തത്കാലത്തേക്ക് തടഞ്ഞു. വിശദമായ വാദം കേട്ട ശേഷം തീരുമാനമെന്ന് വ്യക്തമാക്കിയാണ് കോടതി വരുന്ന 15ാം തീയതിയിലേക്ക് കേസ് മാറ്റിയത്. വിശദമായ വാദം കേൾക്കണമെന്നും അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. പരാതി നൽകാനുണ്ടായ കാലതാമസം, പരാതി നേരിട്ട് മുഖ്യമന്ത്രിക്ക് നൽകിയത് രാഷ്ട്രീയ പ്രേരിതം എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. പരസ്പര സമ്മതതോടെയുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ ബലാത്സംഗ പരാതി ഉന്നയിക്കുന്നത് അനുചിതമെന്ന സുപ്രീം കോടതി വിധിന്യായങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടി 57 പേജുള്ള ഹർജിയാണ് കോടതിക്ക് മുന്നിലെത്തിയത്.

ജസ്റ്റിസ് കെ ബാബു മുൻപാകെ 32ാമതായി ലിസ്റ്റ് ചെയ്ത് കേസ് ആദ്യം പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷയുടെ ആദ്യ സിറ്റിംഗിൽ വാദം കേൾക്കാതെ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടുന്നതാണ് പതിവ്. ഇത് ഒഴിവാക്കാനായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ നീക്കം. സംസ്ഥാന സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നേരിട്ട് ഹാജരായി. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. തയ്യാറെന്ന് സർക്കാരും. എന്നാൽ ഹർജിയിൽ പറയുന്നത് ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളാണെന്നും വിശദമായ വാദം ആവശ്യമെന്നും ഹൈക്കോടതി നിലപാടെടുത്തു. കേസ് വരുന്ന 15ാം തീയതി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. അത് വരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും കോടതി തടഞ്ഞു. എന്നാൽ ഇന്ന് തന്നെ വിശദമായ വാദം കേൾക്കണമെന്നും അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇതിന് തയ്യാറായില്ല. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്നതടക്കം ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനാസ്ഥാപനമായ കോടതിക്ക് മുന്നിലാണ് ഗുരുതര സ്വഭാവമുള്ള ഹർജി എത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ഒന്നും താൻ ഈ ഘട്ടത്തിൽ പറയുന്നില്ല. കേസിൽ മുൻവിധിയില്ല. തീരുമാനമെടുക്കാൻ വിശദമായ വാദം ആവശ്യമാണെന്നും പതിനഞ്ചാം തിയതി കേൾക്കാമെന്നും കോടതി ആവർത്തിച്ചു. തിരുവനന്തപുരം നേമം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലെത്തിയത്. 

YouTube video player