തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തം സംബന്ധിച്ച് വയറുകൾ പരിശോധിച്ചതിൽ ഷോർട്ട് സർക്യൂട്ട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. സ്വിച്ചിൽ നിന്നും ഫാനിലേക്ക് പോയ വയറുകൾ പരിശോധിച്ചതിന്റെ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. 45 ഇനങ്ങളാണ് പരിശോധനയ്ക്കായി അയച്ചത് ഇതിൽ 43 ഇനങ്ങളുടെ പരിശോധന റിപ്പോർട്ട് വന്നിട്ടില്ല. 

കത്തിയ ഫാനുൾപ്പെടെയുള്ള ഉപകരണങ്ങളുടെ പരിശോധന റിപ്പോർട്ട് വരാനുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. എന്താണ് സംഭവിച്ചതെന്നതിന്റെ വ്യക്തമായ ചിത്രം കിട്ടുവാൻ ഈ ഉപകരണങ്ങളുടെ പരിശോധനാ റിപ്പോ‍‌ർട്ട് കൂടി വരാൻ കാത്തിരിക്കണം. 

ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നിരുന്നു. സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സംഭവത്തിൽ തീപിടിത്തത്തിനു പിന്നില്‍ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് എത്തിയത്. 

പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായിരുന്ന ടേബിള്‍ ഫാനിലെ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയതെന്നായിരുന്നു ഡോ കൗശിഗന്‍റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തൽ. നേരത്തെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും, ഫയര്‍ ഫോഴ്സും സമാനമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്.