Asianet News MalayalamAsianet News Malayalam

കത്തിയതോ കത്തിച്ചതോ? സെക്രട്ടേറിയറ്റ് തീപ്പിടുത്തത്തിൽ ആളിപ്പടർന്ന് രാഷ്ട്രീയ വിവാദം

വിഐപികളുമായും മന്ത്രിമാരുടെ വിദേശ യാത്രകളുമായും ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിച്ച മുറിയിലാണ് തീപ്പിടുത്തം ഉണ്ടായതെന്ന് അറിഞ്ഞതോടെ അതിൽ വലിയ രാഷ്ട്രീയമാനവും കൈവന്നിരിക്കുകയാണ്

secretariat fire political impact and protest
Author
Trivandrum, First Published Aug 25, 2020, 8:45 PM IST

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസും സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയവും തൊട്ട്പിന്നാലെ നടന്ന സെക്രട്ടേറിറ്റിലെ തിപ്പിടുത്ത വാര്‍ത്തയും കൂടിയായതോടെ കേരളത്തിൽ  രാഷ്ട്രീയ വിവാദം ആളിപ്പടരുകയാണ്. പ്രോട്ടോകോൾ സെഷനിൽ തീപ്പിടുത്തമുണ്ടായെന്ന വാര്‍ത്ത അസാധാരണ പ്രതികരണങ്ങൾക്കും പ്രതിഷേധങ്ങൾക്കമാണ് വഴിമരുന്നിട്ടത്. വാര്‍ത്ത അറിഞ്ഞയുടെ സെക്രട്ടേറിയറ്റ് പരിസരം പ്രതിപക്ഷ പ്രതിഷേധ വേദിയായി. 

ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുകളിലുള്ള പ്രോട്ടോകോൾ സെഷനിൽ വൈകീട്ട് അഞ്ച്മണി അടുപ്പിച്ചാണ് പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. കൺഡോൺമെന്‍റെ സ്റ്റേഷനിൽ നിന്നും പൊലീസും ഫയര്ഫോഴ്സ് അധികൃതരും പാഞ്ഞെത്തി. വിഐപി സന്ദര്‍ശനത്തിന്‍റെയും മന്ത്രിമാരടക്കമുള്ളവരുടെ വിദേശയാത്രകളുടേയും ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്ന് ഉണ്ടായ തീപ്പിടുത്തത്തിൽ ദുരഹതയാരോപിക്കപ്പെടാൻ പിന്നെ അധികം സമയം വേണ്ടി വന്നില്ല . 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തലസ്ഥാനത്തുണ്ടായിരുന്ന യുഡിഎഫ് ജന പ്രതിനിധികളും സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ബിജെപി നേതാക്കളും പ്രവര്‍ത്തകരും കൂടി എത്തിയതോടെ സംഭവത്തിന് വലിയ രാഷ്ട്രീയമാനവും കൈവന്നു. ആരോപണ പ്രത്യാരോപണങ്ങളും അറസ്റ്റുമെല്ലാമായി സെക്രട്ടേറിയറ്റ്  പരിസരം അതിവേഗം, സംഘര്‍ഷസമാനമായി. 

സെക്രട്ടേറിയറ്റ് കോൺഫറസ് ഹാളിലെ മീറ്റിംഗിൽ നിന്ന് ഇറങ്ങിവന്ന് ചീഫ് സെക്രട്ടറി നേരിട്ടാണ് സെക്രട്ടേറിയറ്റിലെ സ്ഥിതിഗതികൾ നിയന്ത്രിച്ചത്. പ്രതിഷേധക്കാരേയും മാധ്യമങ്ങളേയും പരമാവധി സംഭവസ്ഥലത്ത് നിന്ന് അകറ്റാൻ ശ്രമമുണ്ടായി എന്ന ആക്ഷേപവും അതോടെ ശക്തമായി. നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക പ്രതികരണം. 

കത്തി നശിച്ചത് സുപ്രധാന ഫയലുകളാന്നും മിക്കവാറും ഫയലിനും ബാക്കപ്പ് ഡാറ്റ ഇല്ലെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സ്ഥലം സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. പൊളിറ്റിക്കൽ 2A , 2b പൊളിറ്റിക്കൽ 5 എന്നീ സെക്ഷനുകളിലാണ് തീപ്പിടുത്തമുണ്ടായത് എന്നാണ് ഉദ്യോഗസ്ഥര്‍ നേരിട്ട് അറിയിച്ചതെന്ന് പ്രതിപക്ഷ പ്രതിനിധികൾ പറഞ്ഞു. വിഐപികളായി പ്രഖ്യാപിക്കാതെ തന്നെ സര്‍ക്കാര്‍ പരിഗണിക്കുന്ന വിഐപികളുമായി ബന്ധപ്പെട്ട ഫയലുകൾ  മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട ഫയലുകൾ എന്നിവ സൂക്ഷിച്ചിടത്താണ് തീപ്പിടുത്തം ഉണ്ടായതെന്ന വെളിപ്പെടുത്തലോടെ സ്വര്‍ണക്കടത്ത് കേസുമായി നേരിട്ട് സംഭവത്തെ എളുപ്പത്തിൽ ബന്ധിപ്പിക്കാനും പ്രതിപക്ഷത്തിന് ആയി. 

Follow Us:
Download App:
  • android
  • ios