വൈര്യ നിരാതന ബുദ്ധിയോടെയാണ് വിഎസ് അച്ചുതാനന്ദൻ ഇടപെട്ടിരുന്നത്. അപ്രമാദിത്തം നഷ്ടപ്പെട്ടാലോ എന്ന് ഭയന്നിരുന്ന വിഎസ് ഇഎംഎസിന്‍റെ സാന്നിധ്യം പോലും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും എംഎം ലോറൻസ് ആത്മകഥയിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: സിപിഎമ്മിനകത്തെ വിഭാഗീയതയിൽ ആദ്യ കണ്ണി വിഎസ് അച്യുതാനന്ദനാണെന്ന് തുറന്നടിച്ച് എംഎം ലോറൻസ്. വൈരനിര്യാതന ബുദ്ധിയോടെയാണ് വിഎസ് അച്ചുതാനന്ദൻ ഇടപെട്ടിരുന്നത്. അപ്രമാദിത്തം നഷ്ടപ്പെട്ടാലോ എന്ന് ഭയന്നിരുന്ന വിഎസ് ഇഎംഎസിന്‍റെ സാന്നിധ്യം പോലും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും എംഎം ലോറൻസ് ആത്മകഥയിൽ വ്യക്തമാക്കുന്നു.
ഓര്‍മ്മ ചെപ്പ് തുറക്കുമ്പോൾ, അതാണ് എംഎം ലോറൻസിന്‍റെ ആത്മകഥയുടെ പേര്. സിപിഎം വിഭാഗീയതയുടെ ഉള്ളുകള്ളികളിൽ തുറന്നെഴുത്താണ് ഉള്ളടക്കം. പാലക്കാട്ട് സമ്മേളനത്തിൽ വെട്ടിനിരത്തപ്പെട്ട ലോറൻസ് വിഎസിനെ നിര്‍ത്തുന്നത് അത്രയും പ്രതിസ്ഥാനത്താണ്. വ്യക്തി പ്രഭാവത്തിന് വിഎസ് ചുറ്റും സ്ക്വാഡ് പോലെ ആൾക്കൂട്ടത്തെ കൊണ്ട് നടന്നു. എ.പി.വര്‍ക്കിയെ ഉപയോഗിച്ച് പാര്‍ട്ടിക്കകത്ത് വിഭാഗീയത തുടങ്ങിവച്ചത് വിഎസാണ് എന്ന് തുടങ്ങി തിരുവനന്തപുരത്ത് വിശ്രമത്തിലായിരുന്ന ഇ.എം.എസ് എന്നും എ.കെ.ജി സെന്‍ററില്‍ എത്തിയിരുന്നത് വി.എസ്.അച്യുതാനന്ദന് അസ്വസ്ഥത ഉണ്ടാക്കിയിരുന്നുവെന്നും ആത്മകഥയിൽ പറയുന്നു. അപ്രമാദിത്തം നഷ്ടമായെങ്കിലോ എന്ന തോന്നലായിരുന്നു വിഎസിനെന്നും ലോറൻസ് പറയുന്നു. സൂര്യന് ചൂടും പ്രകാശവും കുറഞ്ഞ് കരിക്കട്ടയാകുന്നതുപോലെ ഇ.എം.എസും ആകുമെന്ന് കോഴിക്കോട് സമ്മേളനത്തിൽ ഒരംഗത്തിന്‍റെ പരാമര്‍ശത്തിന് ശേഷമാണ് ഒരു വിഭാഗം ഇഎംഎസിനെ കറുത്തസൂര്യന്‍ എന്ന് വിളിച്ചുതുടങ്ങിയത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയിൽ പക്ഷങ്ങൾ ഉരുത്തിരിഞ്ഞതെന്നും ലോറൻസ് പറയുന്നു. എതിരെന്ന് തോന്നുന്നവരെ തിരിഞ്ഞ് പിടിച്ച് തോൽപ്പിക്കാൻ വിഎസ് കരുക്കൾ നീക്കിക്കൊണ്ടേ ഇരുന്നു.
ആലപ്പുഴ സമ്മേളനത്തില്‍ പി.കെ.ചന്ദ്രാനന്ദനെതിരെ വി.എസ് തിരിഞ്ഞപ്പോള്‍ മറുപടി നല്‍കേണ്ടി വന്നു. കൊല്ലം സമ്മേളനത്തില്‍ സംസ്ഥാനകമ്മറ്റിയിലേക്ക് നടന്ന വോട്ടെടുപ്പിന്‍റെ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബാലറ്റ് മറുഭാഗത്തേക്ക് ഇട്ടത് പോളിങ് ഏജന്‍റായിരുന്ന വി.എന്‍ വാസവനാണ് കണ്ടുപിടിച്ചത്. അതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ലോറന്‍സ് ആത്മകഥയിൽ വെളിപ്പെടുത്തുന്നുണ്ട്. പാലക്കാട് സമ്മേളനത്തില്‍ 16 പേരെ കരുതിക്കൂട്ടി തോല്‍പ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് 11 പേരെ ഒഴിവാക്കിയെന്നും വിഭാഗീയത എന്ന് അധ്യായത്തിൽ ലോറൻസ് പറയുന്നു. ആത്മകഥ നാളെ പുറത്തിറങ്ങും.
