Asianet News MalayalamAsianet News Malayalam

ഇടുക്കി ഡാമിൽ താഴിട്ട് പൂട്ടിയ സംഭവം: വിദേശത്തേക്ക് കടന്നയാൾ തിരിച്ചെത്തിയില്ല, ലുക്ക് ഔട്ട് നോട്ടീസ് ഇന്ന്

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള റിപ്പോർട്ട് ഇടുക്കി എസ് പി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചു.

security breach in Idukki dam look out notice for man who went abroad SSM
Author
First Published Sep 14, 2023, 11:16 AM IST

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയിൽ താഴുകളിട്ടു പൂട്ടിയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. സംഭവത്തിനു ശേഷം വിദേശത്തേക്ക് പോയ പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി തിരികെ എത്താത്തതിനെ തുടർന്നാണ് നടപടി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള റിപ്പോർട്ട് ഇടുക്കി എസ് പി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചു. 

അതിനിടെ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോർട്ട്. ഒറ്റപ്പാലം സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൻ മാത്രമേ കൃത്യമായി കാര്യങ്ങൾ അറിയാൻ കഴിയൂ എന്നാണ് പൊലീസിന്‍റെ നിലപാട്. ചെറുതോണി അണക്കെട്ട് പൂർണമായും സുരക്ഷിതമാണെന്ന് ഡാം സേഫ്റ്റി അധികൃതർ അറിയിച്ചു. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് പരിശോധിച്ച ശേഷമായിരുന്നു പ്രതികരണം. 

ജൂലൈ 22നാണ് ഒറ്റപ്പാലം സ്വദേശി സന്ദർശക പാസ് എടുത്ത് ഡാമിൽ കയറി 11 ഇടങ്ങളിൽ താഴിട്ട് പൂട്ടിയത്. തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവാണ് പിന്നിലെന്ന് മനസ്സിലായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പാലം സ്വദേശിയാണ് ഇയാളെന്ന് മനസ്സിലായി. വാടകക്കെടുത്ത കാറിലാണ് ഇയാൾ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാൾക്ക് കാർ വാടകക്ക് എടുത്ത് നൽകിയ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇതിനിടെ ഒറ്റപ്പാലം സ്വദേശി വീണ്ടും വിദേശത്തേക്ക് പോവുകയായിരുന്നു. 

സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രാഥമികമായി പരിശോധന നടത്തി. ഇതിനുശേഷമുള്ള വിശദമായി പരിശോധന കഴിഞ്ഞ ദിവസം നടന്നു. ഡാമിന്റെ സുരക്ഷ നോക്കേണ്ട ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios