ക്ലിഫ് കോമ്പോണ്ടിലേക്കുളള വഴികളിൽ പൊലീസ് പിക്കറ്റ് സ്ഥാപിച്ചു. ക്ലിഫ് സുരക്ഷയ്ക്ക് മാത്രമായി ഒരു എസ് പിയെയും നിയോഗിക്കും. കെ റെയിൽ വിരുദ്ധ സമരക്കാർ ക്ലിഫ് ഹൗസ് കോമ്പൌണ്ടിലടക്കം പ്രവേശിച്ച സാഹചര്യത്തിലാണ് സുരക്ഷ കൂട്ടുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ (Cliff House)സുരക്ഷ വർധിപ്പിക്കുന്നു. യുവമോർച്ച, ബിജെപി പ്രവർത്തകരുടെ കെ റെയിൽ വിരുദ്ധ പ്രതിഷേധങ്ങൾ ക്ലിഫ് ഹൌസിലേക്കെത്തിയ സാഹചര്യത്തിൽ കോമ്പൗണ്ടിൽ സുരക്ഷ ഓഡിറ്റ് നടത്താൻ പൊലീസ് തീരുമാനം. ക്ലിഫ് കോമ്പോണ്ടിലേക്കുളള വഴികളിൽ പൊലീസ് പിക്കറ്റ് സ്ഥാപിച്ചു. ക്ലിഫ് സുരക്ഷയ്ക്ക് മാത്രമായി ഒരു എസ് പിയെയും നിയോഗിക്കും. കെ റെയിൽ വിരുദ്ധ സമരക്കാർ ക്ലിഫ് ഹൗസ് കോമ്പൌണ്ടിലടക്കം പ്രവേശിച്ച സാഹചര്യത്തിലാണ് സുരക്ഷ കൂട്ടുന്നത്.
അതീവസുരക്ഷയുള്ള ക്ലിഫ് ഹൗസ് കോംബോണ്ടിൽ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവർത്തകർ പ്രതീകാത്മകമായി കെ റെയിൽ കല്ലിട്ടത്. മുഖ്യമന്ത്രി ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസ് വളപ്പിലാണ് കല്ലിട്ടതെന്ന് ബിജെപി അവകാശപ്പെട്ടപ്പോൾ മന്ത്രി പി പ്രസാദിന് അനുവദിച്ച വീട്ടിലാണ് കല്ലിട്ടതെന്നാണ് പൊലീസ് അറിയിച്ചത്. എന്നിരുന്നാലും വൻ സുരക്ഷാ വീഴ്തയാണുണ്ടായതെന്നാണ് വിലയിരുത്തൽ.
നിലവിൽ പൊലീസിന്റെ ദ്രുതകർമ്മസേനക്കാണ് ക്ലിഫ്ഹൌസിന്റെ സുരക്ഷാചുമതലയുള്ളത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് കൈമാറാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. എസ് ഐ എസ് എഫ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഇൻറലിജൻസാണ് റിപ്പോർട്ട് നൽകിയിരുന്നത്.
ക്ലിഫ് ഹൌസിൽ കല്ലിട്ടെന്ന് ബിജെപി
മുരുക്കുംപുഴയിൽ നിന്ന് പിഴുതെടുത്ത കല്ലുമായി ക്ലിഫ് ഹൗസിലേക്ക് മാർച്ച് ചെയ്ത ബിജെപി പ്രവർത്തകരെ പൊലീസ് ബാരിക്കേട് വച്ച് തടയുമ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് ഒരു സംഘം ബിജെപി പ്രവർത്തകർ ക്ലിഫ്ഹൗസ് കോബണ്ടിലേക്ക് ചിടിയത്. സമരം നേരിടാൻ വൻ പൊലീസ് സന്നാഹം തയ്യാറായി നിൽക്കുമ്പോഴായിരുന്നു ക്ലിഫ് ഹൗസ് കോംബോണ്ടിലെ പ്രതീകാത്മക കല്ലിടൽ. മന്ത്രി മന്ദിരത്തിൽ കയറി കല്ലിട്ടശേഷം മുദ്രാവാക്യം വിളിക്കുമ്പോഴാണ് പൊലീസ് എത്തിയത്. തൊട്ടു പുറകിലെ വഴിയിലൂടെ ഇവർ ചാടിക്കടക്കുന്നത് പൊലീസ് അറിഞ്ഞതേയില്ല. കല്ലിടുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട ബിജെപി ക്ലിഫ് ഹൗസിൽ കല്ലിട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ കല്ലിട്ടത് മന്ത്രി പി പ്രസാദിന് അനുവദിച്ച വീട്ടിലാണെന്ന് വ്യക്തമാക്കി സുരക്ഷാവീഴ്ചയെ ലഘൂകരിക്കാനാണ് പൊലീസ് ശ്രമിച്ചത്. വീടിന്റെ അറ്റകുറ്റപണിനടക്കുകയാണ്. അതിനാൽ ആരുമില്ല. സുരക്ഷയും കുറവായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. തൊട്ടുപുറകിലുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലം വഴിയാണ് ഇവർ ചാടിക്കടന്നത്. മന്ത്രി പി പ്രസാദിന്റെ വീട്ടിൽ നിന്നും അഞ്ചൂറ് മീറ്റർ അകലെയാണ് ക്ലീഫ് ഹൗസ്. ഏതായാലും ക്ലിഫ് ഹൗസ് കോംബോണ്ടിലേക്ക് പ്രതിഷേധക്കാർ കയറിയത് വൻ സുരക്ഷാവീഴ്ചയാണ്.
