കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച വ്യവസായി അബ്ദുൾ നിസാമിന് ഇടക്കാല ജാമ്യം നീട്ടി നൽകില്ലെന്ന് ഹൈക്കോടതി. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാകാൻ ജസ്റ്റിസ് ഹരിപ്രസാദ് അടങ്ങിയ ഡിവിഷൻ ബ‌െഞ്ച് ഉത്തരവിട്ടു.

ചികിത്സയ്ക്കായി  ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന നിസാമിന്‍റെ ആവശ്യം കോടതി തള്ളി. ഇക്കഴിഞ്ഞ ആഗസ്റ്റ് 11 നായിരുന്നു ചികിത്സയ്ക്കായി അബ്ദുൾ നിസാമിന് ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയത്. രണ്ട് തവണ നിസാം വിവിധ കാരണങ്ങൾ ചൂണ്ടികാട്ടി ജാമ്യം നീട്ടിയെടുത്തു.

ഈ സമയങ്ങളിൽ നിസാമിന്‍റെ പെരുമാറ്റങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം നീട്ടി നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തത്. 2015 ലാണ് ഗേറ്റ് തുറക്കാൻ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസാം കാറിടിച്ച് കൊലപ്പെടുത്തുന്നത്. 2016ൽ തൃശ്ശൂർ ജില്ലാ കോടതി നിസാമിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.