ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓണ്‍ലൈനിൽ നിയമവിരുദ്ധമായി മരുന്ന് വില്‍പ്പന നടത്തുന്നതിന്‍റെ ഞെട്ടിക്കുന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. 

തിരുവനന്തപുരം: ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേന്ദ്രത്തിന്‍റെ ഇടപെടല്‍ ഇതിന് ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാരിന് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓണ്‍ലൈനിൽ നിയമവിരുദ്ധമായി മരുന്ന് വില്‍പ്പന നടത്തുന്നതിന്‍റെ ഞെട്ടിക്കുന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

ഓണ്‍ലൈന്‍ മരുന്നുവില്‍പ്പനയ്ക്ക് പിന്നിലെ കാണാ കെണികളെപ്പറ്റി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഓണ്‍ലൈനായി മരുന്നകുള്‍ ലഭിക്കുന്നതിന്, മെഡ് ലൈഫ്, 1എംജി, നെറ്റ് മെഡ് അങ്ങനെ നിരവധി വെബ്സൈറ്റുകള്‍ ഉണ്ട്. തോന്നും പോലെ കച്ചവടം നടക്കുകയാണ് ഇവിടെ.

അദൃശ്യനായ വ്യക്തി എവിടെയോ ഇരുന്ന് നെറ്റിലിട്ടിരിക്കുന്ന വിവരം വെച്ച് മരുന്ന് കഴിക്കുന്ന രീതി ഒട്ടും ആശ്യാസ്യമല്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ സാംക്രമിക രോഗ വിഭാഗം മേധാവി ഡോ സജിത്ത് കുമാര്‍ പറയുന്നു. ഒരു ദിവസം കഴിച്ചു,രണ്ട് ദിവസം കഴിച്ചു, പിന്നെ ഇത് ലഹരിമായി മാറുമെന്നും അദ്ദേഹം പറയുന്നു. 

മാക്സ് ഗാലിൻ ഉള്‍പ്പടെയുള്ള മരുന്നുകളുമായി നിരവധി പേരെ സംസ്ഥാനത്ത് എക്സൈസ് പിടികൂടിയിട്ടുണ്ട്. 2019 ആയപ്പോഴേയ്ക്കും മരുന്ന് ലഹരിയായി ഉപയോഗിക്കുന്നവരുടെ എണ്ണം 35 ശതമാനം കൂടിയെന്നാണ് സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ കണക്ക്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓണ്‍ലൈൻ മരുന്ന് വില്‍പ്പന നടത്തരുതെന്ന് 1940 ലെ ഡ്രഗ്സ് ആൻറ് കോസ്മെറ്റിക് ആക്ടില്‍ പറയുന്നു. 

Read More: 'ഓൺലൈനാ'യി ലഹരി: കുറിപ്പടിയില്ലാതെ കിട്ടുന്ന മരുന്നുകൾ ലഹരിയാകുന്നെന്ന് എക്സൈസ്...