പദ്ധതി അംഗീകാരം ത്രിശങ്കുവില്‍ നില്‍ക്കുമ്പോഴും ഭൂമി ഏറ്റെടുപ്പിനായി പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും മറ്റ് ചെലവുകള്‍ക്കായി പണം നീക്കി വച്ചതും സർക്കാരിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് വിമർശനം.

കൊല്ലം: സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്കായുളള സര്‍ക്കാരിന്‍റെ ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ സര്‍വത്ര ആശയക്കുഴപ്പം. കേന്ദ്ര റെയില്‍ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചാലേ സ്ഥലമേറ്റെടുപ്പ് തുടങ്ങൂ എന്നാണ് റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ പദ്ധതി അംഗീകാരം ത്രിശങ്കുവില്‍ നില്‍ക്കുമ്പോഴും ഭൂമി ഏറ്റെടുപ്പിനായി പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും മറ്റ് ചെലവുകള്‍ക്കായി പണം നീക്കി വച്ചതും സർക്കാരിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് വിമർശനം.

തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയില്‍ ഏറ്റെടുക്കേണ്ടുന്ന 955.13 ഹെക്ടര്‍ ഭൂമിയുടെ സര്‍വേ നമ്പരുകളടക്കമുളള വിശദാംശങ്ങള്‍ ചേര്‍ത്താണ് കഴിഞ്ഞ ദിവസം റവന്യു വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. റെയില്‍ ബോര്‍ഡിന്‍റെ അംഗീകാരവും സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടും ലഭിച്ച ശേഷം മാത്രമേ സ്ഥലമേറ്റെടുപ്പിലേക്ക് കടക്കാവൂ എന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ ജയതിലക് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതേ ഉത്തരവില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് 26 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ നല്‍കിയ നിര്‍ദേശമാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ചെലവിനായി പതിമൂന്ന് കോടിയിലേറെ രൂപ നല്‍കാന്‍ കെ റെയിലിനും ഉത്തരവില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍, കേന്ദ്രത്തിന്‍റെ അന്തിമ അംഗീകാരം കിട്ടിയില്ലെങ്കില്‍ ഈ നിയമനങ്ങളും അതിനായി ചെലവാക്കുന്ന തുകയുമെല്ലാം സര്‍ക്കാരിന് നഷ്ടമുണ്ടാക്കുമെന്ന വിമർശനമാണ് ഉയരുന്നത്. വലിയ പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി ഇത്തരം നിയമനങ്ങള്‍ നടത്തുക സാധാരണ നടപടി ക്രമം മാത്രമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കേന്ദ്രാനുമതി കിട്ടിയാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണ് ഈ നീക്കമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona