മുള്ളമ്പാറയിലും പരിസരങ്ങളിലും മോഷണം പതിവാകുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളില്‍ അഞ്ച് സ്ഥലങ്ങളിലായാണ് മോഷണം

മലപ്പുറം: മുള്ളമ്പാറയിലും പരിസരങ്ങളിലും മോഷണം പതിവാകുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളില്‍ അഞ്ച് സ്ഥലങ്ങളിലായാണ് മോഷണം നടന്നത്. പത്തര പവന്‍ സ്വര്‍ണവും അരലക്ഷത്തോളം രൂപയും നഷ്ടമായി.മുള്ളമ്പാറയിലെ ഷറഫുദീന്‍ കല്ലായി, പാറക്കല്‍ മൂസ, കൃഷ്ണകുമാര്‍, ജനത ഗോപി, കേബിള്‍ ഷാജി എന്നിവരുടെ വീടുകളില്‍ നിന്നാണ് സ്വര്‍ണവും പണവും മറ്റു വസ്തുക്കളും മോഷ്ടിക്കപ്പെട്ടത്. പാറക്കല്‍ മുസയുടെ വീട്ടില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണവും 7000 രൂപയും നഷ്ടപ്പെട്ടു. ഷറഫുദ്ദീന്‍ കല്ലായിയുടെ വീട്ടില്‍നിന്ന് 3000 രൂപയും വില പിടിപ്പുള്ള അഞ്ച് വാച്ചുകളും നഷ്ടമായി കൃഷ്ണകുമാറിന്റെ വീട്ടില്‍ നിന്ന് അര പവന്‍ സ്വ ര്‍ണവും 8500 രൂപയും ജനത ഗോപിയുടെ വീട്ടില്‍നിന്ന് 35,000 രൂപയും മോഷണം പോയി.

കേബിള്‍ ഷാജിയുടെ വീട്ടിലും ആളില്ലാത്ത സമയത്ത് മൂന്ന് തവണയാണ് മോഷണം നടന്നത്. ഇവിടെ നിന്നും അഞ്ച് പവന്റെ സ്വര്‍ണം നഷ്ടമായി. തുടര്‍ച്ചയായ ദിവസങ്ങളിലാണ് മോഷണം നടന്നത് എന്നത് നാട്ടുകാരില്‍ ഭീതി പടര്‍ത്തിയിരിക്കുകയാണ്. ഇതില്‍ പല മോഷണങ്ങളും നടന്നത് പകലാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മോഷണം നടന്ന വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് തിരക്കും മറ്റും കാരണം കാര്യമായ രീതിയില്‍ ഇത് വരെ അന്വേഷണം നടക്കുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

YouTube video player