Asianet News MalayalamAsianet News Malayalam

Serifed Scams: 'കേരളം കണ്ട ഏറ്റവും വലിയ തൊഴിൽ കുംഭകോണം', സെറിഫെഡ് നിയമനത്തിൽ കോടതി

സെറിഫെഡ് പുനർജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചു.

serifed employment scams says kerala high court over serifed appointments
Author
Kochi, First Published Jan 22, 2022, 9:07 AM IST

കൊച്ചി: കേരള സ്റ്റേറ്റ് സെറികൾച്ചർ കോ-ഓപ്പറേറ്റീവ് അപെക്സ് സൊസൈറ്റിയിലെ (സെറിഫെഡ് ) അനധികൃത നിയമനം കേരളം കണ്ട ഏറ്റവും വലിയ തൊഴിൽ കുംഭകോണമെന്ന് കേരളാ ഹൈക്കോടതി. നിയമനങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താനും കോടതി നിർദ്ദേശിച്ചു. സെറിഫെഡ് പുനർജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചു. സെറിഫെഡ് അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പട്ടുനൂൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി സ്ഥാപിച്ച സ്ഥാപനം പൂട്ടാനുളള സർക്കാർ തീരുമാനം ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. തുടർന്ന് ജസ്റ്റീസ് നഗരേഷ് നടത്തിയ പരിശോധനയിലാണ് മുന്നൂറോളം പേരെ വിവിധ വർഷങ്ങളായി അനധികൃതമായി നിയമിച്ചതായി തിരിച്ചറിഞ്ഞത്. ജില്ലകൾ തോറും ഓഫീസുകൾ തുറന്നായിരുന്നു നിയമനം. സർക്കാർ നാമനിർദേശം ചെയ്ത ഡയറക്ടർ അനുമതിയില്ലാതെ ജില്ലകൾ തോറും ഇത്രയും പേരെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ഉത്തരവിലുണ്ട്. മാത്രവുമല്ല സെറിഫെഡ് പൂട്ടാൻ തീരുമാനിച്ചതോടെ ഇതിൽ 271 ജീവനക്കാരെ സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് പുനർ വിന്യസിച്ചു. രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും അറിവോടെയാണ് ഈ ക്രമക്കേട് നടന്നതെന്നാണ് സിംഗിൾ ബെഞ്ചിന്‍റെ വിലയിരുത്തൽ. 

സെറിഫെഡിന്റെ തകർച്ചയിലേക്ക് നയിച്ചത് ഈ അനധികൃത നിയമനമാണെന്നും കോടതി കണ്ടത്തി. അക്കൗണ്ടന്റ് ജനറൽ, ധനകാര്യവകുപ്പ്, പ്ലാനിങ് ബോർഡ് എന്നിവയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിഗമനം. 

പി എസ് സി വഴി തൊഴിൽ നേടാൻ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ കാത്തുനിൽക്കുമ്പോഴാണ് സർക്കാർ അറിഞ്ഞുളള ഈ പിൻവാതിൽ നിയമനം. സെറിഫെഡിന്‍റെ തകർച്ചയിലേക്ക് നയിച്ചതിന്‍റെ പ്രധാന കാരണം ഈ അനധികൃത നിയമനമാണെന്നും കോടതി വിലയിരുത്തി. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തി നടപടിയെടുക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. സെറിഫെഡ് പൂട്ടിക്കെട്ടാൻ സർക്കാർ 2017 ൽ പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കി. പുനരുജ്ജീവന നടപടികൾക്കായി മൂന്നംഗ സമിതിയെ നിയോഗിക്കണം. ഈ സമിതി നാലു മാസത്തിനുളളിൽ സെറിഫെഡിനേയും പട്ടുനൂൽ കൃഷിയേയും പുനരുജ്ജീവിപ്പിക്കാനുളള റിപ്പോർട് സർക്കാരിന് നൽകണം. ശുപാശയിൽ രണ്ടു മാസത്തിനുളളിൽ സർക്കാർ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിലുണ്ട്. 

Follow Us:
Download App:
  • android
  • ios