ഇന്ധനവില വര്‍ദ്ധനമൂലം കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാൽ  ലേ ഓഫ് വേണ്ടി വരുമെന്നുമായിരുന്നു ഗതാഗതമന്ത്രി പറഞ്ഞത്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ (KSRTC) ഗുരുതരപ്രതിസന്ധി. ഈ മാസത്തെ ശമ്പള വിതരണം മുടങ്ങി. പ്രതിസന്ധി തുടർന്നാൽ ലേ ഓഫ് വേണ്ടി വരുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇടത് യൂണിയനുകളും രംഗത്തെത്തി. ഇന്ധനവില വര്‍ദ്ധനമൂലം കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാൽ ലേ ഓഫ് വേണ്ടി വരുമെന്നുമായിരുന്നു ഗതാഗതമന്ത്രി പറഞ്ഞത്. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ലേ ഓഫ് നീക്കം നേരത്തെ കെഎസ്ആർടിസി മാനേജ്മെന്‍റ് ആലോചിച്ചിരുന്നു. പകുതി ശമ്പളത്തോടെ ദീർഘകാല അവധി നൽകുന്ന ഫർലോ ലീവ് എന്ന ആശയം മാനേജ്മെന്‍റ് മുന്നോട്ട് വെച്ചങ്കിലും ഒരു ശതമാനം ജീവനക്കാർ പോലും അനുകൂലമായി പ്രതികരിച്ചില്ല.

YouTube video player

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയാറാന്‍ കെഎസ്ആര്‍ടിസി ശമ്രിക്കുന്നതിനിടയിലാണ് ഇന്ധനവിലവര്‍ദ്ധന വലിയ തിരിച്ചടിയായത്. ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗത്തില്‍ പെടുത്തി ഡീസല്‍ ലിറ്ററിന് 21 രൂപയാണ് എണ്ണകമ്പനികള്‍ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ലിറ്ററിന് 100 രൂപ പിന്നിട്ടതോടെ പൊതുവിപണിയില്‍ നിന്ന് ഡീസല്‍ വാങ്ങി സര്‍വ്വീസ് നടത്തുന്നതും പ്രായോഗികമല്ലാതായി. പ്രതിദിനം 16 ലക്ഷം ലിറ്റർ ഡീസലാണ് വേണ്ടത്. വരുമാനം പ്രതിദിനം ശരാശാരി 5 കോടി. ഇതിൽ 70 ശതമാനവും ഇന്ധനം വാങ്ങാൻ മാറ്റിവെക്കണം. ദീർഘകാല കടങ്ങളുടെ തിരിച്ചടവിന് പ്രതിദിനം വേണ്ടത് ഒരുകോടി. ശമ്പളത്തിനായി പ്രതിമാസം 80 കോടി വേണം. ഇന്ധനവിലവര്‍ദ്ധന പ്രതിമാസം 20 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കുന്നു. ബസ് ചാര്‍ജ് വര്‍ദ്ധന നിലവില്‍ വന്നാലും ഇതൊന്നും മറികടക്കാനാകില്ല.