2016 ലെ ആ ദിവസം കേരളം ഒരിക്കലും മറക്കില്ല. നാട് നടുങ്ങിയ പരവൂര്‍ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം 110 ജീവനുകളാണ് കത്തിയെരിഞ്ഞത്. 656 പേർക്ക് പരിക്കേറ്റു. രണ്ടരക്കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായി.
തിരുവനന്തപുരം: രാജ്യം നടുങ്ങിയ പുറ്റിങ്ങൽ ദുരന്തം സംഭവിച്ച് പത്ത് വർഷങ്ങൾക്കിപ്പുറമാണ് തൃശൂർ മുണ്ടത്തിക്കോട് പാടത്തും വെടിക്കെട്ട് ദുരന്തം ആവർത്തിച്ചത്. കേരളം നടുങ്ങിയ വെടിക്കെട്ട് അപകടങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പത്ത് വര്‍ഷം മുന്‍പ്, 2016 ലെ ആ ദിവസം കേരളം ഒരിക്കലും മറക്കില്ല. നാട് നടുങ്ങിയ പരവൂര്‍ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം 110 ജീവനുകളാണ് കത്തിയെരിഞ്ഞത്. 656 പേർക്ക് പരിക്കേറ്റു. രണ്ടരക്കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായി. പുറ്റിങ്ങല്‍ കേരളത്തിലെ വെടിക്കെട്ടപകടങ്ങള്‍ക്കിടയിലെ ഒരു ഓര്‍മ്മപെടുത്തല്‍ മാത്രമാണ്. അതിന് മുമ്പും ശേഷവും വെടിക്കെട്ട് അപകടങ്ങൾ നിരവധി. 2024 ഒക്ടോബർ 28ന് കാസർഗോഡ് നീലേശ്വരം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടമാണ് അടുത്ത കാലത്തുണ്ടായ ഗൗരവതരമായ അപകടം. ആറ് പേർക്ക് ജീവൻ നഷ്ടമായി, 154 പേർക്ക് പരുക്കേറ്റു.
2016ല്‍ എറണാകുളം ജില്ലയിലെ മരട് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടില്‍ ജീവന്‍ നഷ്ടമായത് രണ്ടുപേര്‍ക്കാണ്. 2008ലും മരടിൽ വെടിക്കെട്ട് അപകടമുണ്ടായിരുന്നു. ഇന്നലെ ഉണ്ടായതിന് സമാനമായ അപകടം 2006ലും തൃശൂർ പൂരം തയാറെടുപ്പിനിടെ സംഭവിച്ചു. 2006 മെയ് നാലിന് പാറമേക്കാവ് ക്ഷേത്രത്തിന്റെ വെടിക്കോപ്പ് നിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ 7 പേർ മരിച്ചു. 1990 ൽ കൊല്ലം മലനട പോരുവഴി ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ 26 പേർ കൊല്ലപ്പെട്ടു, 67 പേർക്ക് പരുക്കേറ്റു.
മറ്റ് വെടിക്കെട്ട് അപകടങ്ങളുടെ വിവരങ്ങൾ നോക്കിയാൽ 1952 ൽ ശബരിമലയിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ 70 തീർത്ഥാടകർ കൊല്ലപ്പെട്ടു. 1987ൽ തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തെ തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച 27 പേർ സമീപത്തെ റെയിൽവേ ട്രാക്ക് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു. 1999 ൽ പാലക്കാട് ആളൂർ ചാമുണ്ഡിക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ 8 പേർ മരിച്ചു. 1984 തൃശൂർ കണ്ടശാങ്കടവ് പള്ളി പെരുനാളിനിടെ വെടിക്കെട്ട് അപകടത്തിൽ 45 പേർക്ക് പരുക്കേറ്റു.

