'കെഎസ്എഫ്ഇയില്‍ ഗുരുതര ക്രമക്കേട്'; വിമര്‍ശനം വിവാദമായതോടെ മയപ്പെടുത്തി എ.കെ ബാലന്‍
നിലപാട് മയപ്പെടുത്തിയെങ്കിലും ക്രമക്കേടുകള്‍ ഉണ്ടെന്ന കാര്യം പൂര്‍ണമായും എകെ ബാലന്‍ തള്ളിക്കളഞ്ഞില്ല

കോഴിക്കോട്:കെഎസ്എഫ്ഇയില്‍ ഗുരുതരക്രമക്കേട് നടക്കുന്നുവെന്നും സഹകരണ സ്ഥാപനങ്ങളില്‍നിന്ന് ഇഡി ഇന്നല്ലെങ്കില്‍ നാളെ കെഎസ്എഫ്ഇയിലുമെത്തുമെന്നുള്ള വിമര്‍ശനം വിവാദമായതോടെ വിശദീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂനിയന്‍റെ പതിനേഴാം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. പിന്നീട് നിലപാട് മയപ്പെടുത്തിയെങ്കിലും ക്രമക്കേടുകള്‍ ഉണ്ടെന്ന കാര്യം പൂര്‍ണമായും അദ്ദേഹം തള്ളിക്കളഞ്ഞില്ല.
അധ്യക്ഷ പ്രസംഗത്തില്‍ താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മനസിലാകാത്തെ തെറ്റായ രൂപത്തില്‍ വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ ശ്രദ്ധേയമായ നേട്ടമാണ് കെഎസ്എഫ്ഇ കൈവരിച്ചതെന്നും അതൊടൊപ്പം തിരുത്തപ്പെടേണ്ട ചില പ്രവണതകളെക്കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും എ.കെ ബാലന്‍ വിശദീകരിച്ചു. കമ്പനിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ചില തെറ്റായ പ്രവണത എല്ലാവരും ഓര്‍മപ്പെടുത്തുന്നതാണ്. അത് താനും ഇടക്കിടക്ക് പറയാറുണ്ട്. അതാണ് ഇവിടെയും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, കെഎസ്എഫിഇ ഓഫീസേഴ്സ് യൂണിയന്‍റെ നേതാക്കള്‍ എന്നിവരെ വേദിയിലിരുത്തിയായിരുന്നു കെഎസ്എഫ്ഇയില്‍ ഗുരുതര ക്രമക്കേട് നടക്കുന്നുവെന്ന് എകെ ബാലന്‍ വിമര്‍ശനം ഉന്നയിച്ചത്. കരുവന്നൂരിന് മുന്‍പ് കെഎസ്എഫ്ഇ ജീവനക്കാരുടെ സഹകരണ സംഘത്തില്‍ നടന്ന ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ഓഫീസേഴ്സ് യൂണിയന്‍റെ സംസ്ഥാന പ്രസിഡണ്ട് കൂടിയായ ബാലന്‍ വിമര്‍ശിച്ചത്. പൊള്ളച്ചിട്ടികളടക്കം വൻതിരിമറികളാണ് കെഎസ്എഫിയില്‍ നടക്കുന്നത്.
ഇ.ഡി. ഇന്നല്ലെങ്കില്‍ നാളെ കെഎസ്എഫിയിലും എത്തുമെന്നും എകെ ബാലന്‍ മുന്നറിയിപ്പ് നല്‍കി. കെഎസ്എഫി മുന്‍ ചെയര്‍മാന്‍ കൂടിയാണ് ബാലന്‍. ബാലന്‍റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാന്‍ ധനമന്ത്രി തയ്യാറായില്ല.അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.
Readmore...പൊള്ളചിട്ടികളടക്കം വൻതിരിമറിയാണ് കെഎസ്എഫ്ഇയിൽ നടക്കുന്നത്, ഇഡി നാളെ അവിടെയും വന്നുകൂടെന്നില്ല: എകെ ബാലൻ