കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്ന ജോലിയ്ക്ക് മുന്നോടിയായുള്ള സാങ്കേതിക സമിതിയുടെ യോഗം നഗരസഭയിൽ ആരംഭിച്ചു. പൊളിക്കൽ ചുമതലയുള്ള സബ് കളക്ടര്‍ സ്നേഹിൽ കുമാർ സിങ്ങിന്‍റെ അധ്യക്ഷതയിലാണ് യോഗം. സാങ്കേതിക സമിതി അംഗങ്ങൾ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തും. കമ്പനികൾ സമർപ്പിച്ച സ്ഫോടന രൂപരേഖ യോഗത്തിൽ പരിശോധിക്കും. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള നടപടികൾ അധികൃതർ വേഗത്തില്‍ ആക്കിയിരിക്കുകയാണ്. 

ഫ്ലാറ്റ് സമുച്ചയങ്ങളിലെ പാർക്കിംഗ് ഏരിയകൾ നേരത്തെ പൊളിച്ച് നീക്കി തുടങ്ങിയിരുന്നു. മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനി ജെയിൻ കോറൽകോവ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പ്രധാന കെട്ടിടത്തോട് ചേർന്നുള്ള പാർക്കിംഗ് സ്ഥലമാണ് ഡിമോളിഷൻ എക്സ്കവേറ്ററുകൾ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. മറ്റ് പാർപ്പിട സമുച്ഛയത്തിലെയും പാർക്കിംഗ് കേന്ദ്രങ്ങൾ ഉടൻ പൊളിച്ച് നീക്കും. ജയിൻ കോറൽകേവ് കൂടാതെ ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ്സമുച്ചയങ്ങളും പൊളിക്കാനുള്ള ചുമതല എഡിഫസ് കമ്പനിക്കാണ്. 

ചെന്നൈ കേന്ദ്രമായ വിജയ് സ്റ്റീലാണ് ആൽഫ സെറിനിലെ ഇരട്ട ടവറുകൾ പൊളിക്കുക. ഫ്ലാറ്റുകളിലെ വാതിലുകളും ജനലുകളും നീക്കുന്ന നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അതേസമയം ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് സാധനങ്ങള്‍ നീക്കാന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉടമസ്ഥര്‍ക്ക് വീണ്ടും സമയം നല്‍കിയിരുന്നു. സാധനങ്ങൾ പൂർണ്ണമായും നീക്കാൻ സാവകാശം ലഭിച്ചില്ലെന്ന ഉടമകളുടെ പരാതിക്ക് പിന്നാലെയാണ്  ഇലക്ട്രിക്ക്, സാനിറ്ററി ഉപകരണങ്ങളടക്കമുള്ളവ നീക്കാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി ഫ്ളാറ്റ് ഉടമകൾക്ക് ചൊവ്വാഴ്‍ച അനുമതി നൽകിയത്.