നാളെ പ്രൊഡക്ഷൻ വാറണ്ട് ബത്തേരിയിൽ പരിഗണിക്കുന്നുണ്ടല്ലോ എന്ന് കോടതി നിരീക്ഷിച്ചു. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
തിരുവനന്തപുരം: അളവിൽ കൂടുതൽ മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ജാമ്യമില്ല. ആന്റോയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല. നാളെ പ്രൊഡക്ഷൻ വാറണ്ട് ബത്തേരിയിൽ പരിഗണിക്കുന്നുണ്ടല്ലോ എന്ന് കോടതി നിരീക്ഷിച്ചു. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ആന്റോ അഗസ്റ്റിനെ നാളെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഡിസ്മിസ്ഡ് എന്ന ഒറ്റവാക്കിൽ ആയിരുന്നു ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അളവിൽ കവിഞ്ഞ 67 ലിറ്റർ മദ്യ ശേഖരമാണ് ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ ആന്റോ അഗസ്റ്റിന്റെത് അല്ല വീട് എന്നായിരുന്നു പ്രതിഭാഗം വാദം. കേസിന്റെ ഭാഗമായി നേരത്തെ മറ്റൊരാൾക്ക് അറ്റാച്ച് ചെയ്ത് നൽകിയിട്ടുണ്ട് എന്ന് വാദിച്ചെങ്കിലും 2025 ഇൽ ആന്റോഅഗസ്റ്റിന്റെ പേരിൽ നികുതി അടച്ച രേഖകൾ ഉൾപ്പടെ പ്രോസിക്യൂഷൻ ഹാജരാക്കി. ഇത്രയധികം മദ്യ ശേഖരം എന്തിന്? ആർക്കുവേണ്ടി വീട്ടിൽ സൂക്ഷിച്ചു? ഇതിന്റെ സോഴ്‌സ് എന്താണ്? എന്ന് ഉൾപ്പടെ കണ്ടെത്തേണ്ടതുണ്ട്.
പിടിച്ചെടുത്ത 43 ലിറ്ററിൽ അധികം വരുന്ന വിദേശ നിർമ്മിത വിദേശ മദ്യം എങ്ങനെ എത്തിച്ചു. പിന്നിൽ ആരെങ്കിലും ഉണ്ടോ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നത് ഉൾപ്പടെ കണ്ടെത്തണമെന്നായിരുന്നു പ്രോസിക്യൂഷ്യൻ വാദം. പ്രതി സ്വാധീനമുള്ള വ്യക്തിയായതിനാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സ്വതന്ത്ര അന്വേഷണം തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. നാളെ ആന്റോ അഗസ്റ്റിനെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനുള്ള പ്രൊഡക്ഷൻ വാറണ്ട് കോടതി പുറപ്പെടുവിച്ചു. നിലവിൽ മാനന്തവാടി ജില്ലാ ജയിലിൽ മറ്റു തടവ് കാർക്ക് ഒപ്പമാണ് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ.

