ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു.

കൊച്ചി: ആനക്കൊമ്പ് കൈവശം വയ്ക്കാൻ നടൻ മോഹൻലാലിന് സർക്കാർ നൽകിയ ലൈസൻസ് ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായി എന്ന കണ്ടെത്തലോടെയാണ് നടപടി. എന്നാൽ മോഹൻലാലിന് വീണ്ടും ലൈസൻസിന് അപേക്ഷിക്കാൻ തടസമില്ല. 2011 ഡിസംബ‍ 21ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹൻലാലിന്‍റെ തേവരയിലെ വീട്ടിൽ നിന്ന് രണ്ട് ജോ‍ഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ലൈസൻസ് രേഖകൾ ഹാജരാക്കാതിരുന്നതോടെ വനംവകുപ്പ് നടനെ പ്രതിയാക്കി കേസെടുത്തു. 

2015ൽ പെരുമ്പാവൂര്‍ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുളള നടപടിയും അന്നത്തെ സർക്കാർ തുടങ്ങി. ഇതിന് പിന്നാലെയാണ് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാനുളള ലൈസൻസ് നൽകി സർക്കാർ ഉത്തരവിറക്കിയത്. ഈ നടപടി ചോദ്യം ചെയ്തുളള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ലൈസൻസ് അനുവദിക്കാനുളള സർക്കാരിന്‍റെ നടപടിക്രമങ്ങളിൽ സാങ്കേതികമായ പിഴവുണ്ടായി എന്നാണ് കണ്ടെത്തൽ. ഇതിനായുളള നടപടിക്രമങ്ങൾ ഗസറ്റിൽ അടക്കം വിജ്ഞാപനം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. എന്നാൽ വീണ്ടും ലൈസൻസ് നൽകുന്നതിന് സർക്കാരിന് നടപടിക്രമങ്ങൾ പാലിച്ച് ആവശ്യമെങ്കിൽ മുന്നോട്ട് പോകാമെന്നും ഉത്തരവിലുണ്ട്.

എന്നാൽ മോഹൻലാലിനെതിരായ കേസിൽ നിന്ന് പിൻവാങ്ങാനുളള സർക്കാർ തീരുമാനം അടക്കം കേസിന്‍റെ മറ്റുകാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന് ‍ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാനുളള ലൈസൻസ് റദ്ദായെങ്കിലും ഇത് പുനസ്ഥാപിക്കാൻ മോഹൻലാൽ ഉടൻ സർക്കാരിനെ സമീപിക്കും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്