Asianet News MalayalamAsianet News Malayalam

വയനാട്ടിലെ ഏഴ് തദ്ദേശസ്ഥാപനങ്ങളിൽ 18 കഴിഞ്ഞ എല്ലാവർക്കും വാക്സീൻ നൽകിയെന്ന് ആരോഗ്യവകുപ്പ്

ഏറ്റവുമധികം ആദിവാസികളുള്ള പുല്‍പ്പള്ളി, നൂല്‍പ്പുഴ, വൈത്തിരി പഞ്ചായത്തുകളില്‍ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനായത് ആരോഗ്യ മേഖലയെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് മന്ത്രി അവകാശപ്പെട്ടു

seven local bodies in wayanad achieves 100 percent vaccination
Author
Trivandrum, First Published Aug 8, 2021, 4:43 PM IST

തിരുവനന്തപുരം: വയനാട് ജില്ലയിലെ ഏഴ് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സീന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ്. വൈത്തിരി, തരിയോട്, പൊഴുതന, പുല്‍പ്പള്ളി, എടവക, നൂല്‍പ്പുഴ തുടങ്ങിയ പഞ്ചായത്തുകളും കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുമാണ് 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സീന്‍ നല്‍കിയത്. 

വയനാട്, കാസ‌ർകോട് ജില്ലകള്‍ 45 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സീന്‍ നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് വയനാട് ജില്ലയിലെ 7 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ ആദ്യമായി ലക്ഷ്യം കൈവരിച്ചതെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണ ജോ‌ർജ്ജ് പറഞ്ഞു.

ആദിവാസികള്‍ ഏറെയുള്ള ഈ മേഖലയിലെ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സീന്‍ നല്‍കാന്‍ പരിശ്രമിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവരേയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, അര്‍ സി എച്ച് ഓഫീസര്‍, പ്ലാനിംഗ് ഓഫീസര്‍ എന്നിവരാണ് ജില്ലയിലെ വാക്‌സിനേഷന് നേതൃത്വം നല്‍കിയത്. 

ഏറ്റവുമധികം ആദിവാസികളുള്ള പുല്‍പ്പള്ളി, നൂല്‍പ്പുഴ, വൈത്തിരി പഞ്ചായത്തുകളില്‍ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനായത് ആരോഗ്യ മേഖലയെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് മന്ത്രി അവകാശപ്പെട്ടു. മാര്‍ച്ച് മിഷന്‍, മോപ്പപ്പ് മേയ്, ഗോത്രരക്ഷ ജൂണ്‍ തുടങ്ങിയ മിഷനുകള്‍ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്‌സിനേഷന്‍ ആദ്യഘട്ട യജ്ജം സാക്ഷാത്ക്കരിച്ചത്. പ്ലാന്റേഷന്‍ മേഖലയില്‍ തൊഴില്‍ വകുപ്പുമായി സഹകരിച്ചാണ് ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്.

ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്‌സിനേഷന്‍ പ്ലാന്‍ അനുസരിച്ചാണ് വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നത്. എല്ലാവ‌ർക്കും വാക്‌സീന്‍ ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പോലെയാണ് ഇവിടെ വാക്‌സിനേഷന്‍ നടത്തിയത്. വാക്‌സിന്‍ എടുക്കാത്തവരുടെ വീടുകളില്‍ പോയി സ്ലിപ്പ് നല്‍കി അവരെ സ്‌കൂളുകളില്‍ എത്തിച്ചാണ് വാക്‌സിന്‍ നല്‍കിയത്. ദുഷ്‌കരമായ പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ 13 മൊബൈല്‍ ടീമുകളെയാണ് സജ്ജമാക്കിയത്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്‌സീന്‍ നല്‍കിയത്. 

ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ദൗത്യത്തിന്റെ ഭാഗമായി. വാക്‌സിനേഷനായി വിമുഖത കാട്ടിയവര്‍ക്ക് അവബോധവും നല്‍കിയാണ് ആദ്യഘട്ട യജ്ജം പൂര്‍ത്തിയാക്കിയത്. രണ്ടാം ഡോസ് എടുക്കേണ്ട സമയം ആകുമ്പോള്‍ മുഴുവന്‍ പേര്‍ക്കും വാക്‌സീന്‍ നല്‍കാനുള്ള പദ്ധതികളും അവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios