തിരുവനന്തപുരം: പാറശ്ശാലയിൽ മരുമകന്റെ നേതൃത്വത്തിൽ ഭാര്യവീട്ടിൽ കയറി അക്രമം. ആക്രമണത്തിൽ ഭാര്യയുടെ മാതാപിതാക്കൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു. സ്ത്രീധന തർക്കത്തെ തുടർന്നായിരുന്നു ആക്രമണം.

പാറശ്ശാല സ്വദേശി രാധാകൃഷ്ണന്‍റെ കുടുംബത്തിന് നേരെ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. മരുമകൻ ശരണും ഇയാളുടെ സഹോദരൻ ശരത്തുമാണ് രാധാകൃഷ്ണന്‍റെ വീട്ടിൽ കയറി സ്ത്രീകളെയടക്കം ആക്രമിച്ചത്. രണ്ട് വർഷം മുമ്പാണ് രാധാകൃഷ്ണന്‍റെ മകൾ കൃഷ്ണേന്ദുവിനെ ശരൺ വിവാഹം കഴിക്കുന്നത്. ഇതിന് ശേഷം പലതവണ സ്ത്രീധനമാവശ്യപ്പെട്ട് കൃഷ്ണേന്ദുവിനെ ശരൺ മർദ്ദിച്ചിരുന്നുവെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറയുന്നു. 

ഇതിന്‍റെ പേരിൽ പട്ടിയെ വിട്ട് കൃഷ്ണേന്ദുവിനെ കടിപ്പിച്ചെന്നും ഇതിൽ പരാതി നൽകിയ ദേഷ്യത്തിലാണ് ആക്രമണമെന്നുമാണ് കുടുംബം പറയുന്നത്. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ ഇരുവരും രക്ഷപ്പെടുകയായിരുന്നു. രാധാകൃഷ്ണന്‍റെ കുടുംബത്തെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെ പ്രാദേശിക കോൺഗ്രസ് നോതാവിന്‍റെ മക്കളാണ് ശരണും,ശരത്തും. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും കുടുംബം പറഞ്ഞു. പരാതി കിട്ടിയാലുടൻ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി