തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇമാമിനെ ഒളിവിൽ കഴിയാൻ സഹായിച്ച ഏഴ് പേരെ പൊലീസ് പ്രതി ചേർത്തു. നൗഷാദ്, സുധീർ, അൽ അമീൻ, അഷറഫ്, എസ്ഡിപിഐ നേതാക്കളായ അസ്കർ, സലിം കരമന, നവാസ് തോന്നയ്ക്കൽ എന്നിവരെയാണ് പ്രതി ചേർത്തത്.

സോഷ്യൽ മീഡിയലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഇമാം അൽ ഷെഫീക്ക് ഖാസിമിക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് സഹോദരങ്ങളെ നേരെത്തെ കൊച്ചയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. 

ഇമാമിന്‍റെ പീഡനത്തിനിരയായ  പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. ഇമാമിനെതിരെ പൊലീസിൽ പരാതിപ്പെടാൻ പെൺകുടിയുടെ കുടുംബം ആദ്യം തയ്യാറായിരുന്നില്ല. കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാനും അനുവദിക്കാതിരുന്നതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

മകളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി  അന്യായമായി ത‍ടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. കുട്ടിയുടെ പഠനം മുടങ്ങിയിരിക്കുകയാണെന്നും കുട്ടിയെ രക്ഷിതാക്കൾക്ക് വിട്ടു നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ കാണാൻ രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും ഹൈക്കോടതി അനുമതി നൽകി. പെൺകുട്ടിയുടെ പഠനം മുന്നോട്ട് കൊണ്ട് പോകാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശവും നൽകിയിരുന്നു.