ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം കെ ആനന്ദ് ആണ് മരിച്ചത്. കഴിഞ്ഞ മാസം വീടിനടുത്ത് വെച്ചാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.
കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഏഴ് വയസുകാരൻ (seven year old boy) പേ വിഷബാധയേറ്റ് (rabies) മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം കെ ആനന്ദ് (7) ആണ് മരിച്ചത്. ആലന്തട്ട എ.യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആനന്ദ്.
കഴിഞ്ഞ മാസം13 നാണ് വീടിനടുത്ത് വെച്ച് ആനന്ദിന് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റ അന്ന് തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപതിയിൽ എത്തി പേ വിഷബാധയ്ക്കുള്ള കുത്തിവെപ്പ് എടുത്തിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ രണ്ട് കുത്തി വയ്പ്പുകൾ കൂടി എടുത്തു. പക്ഷേ മൂന്ന് ദിവസം മുമ്പ് രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് റാബീസ് ആണെന്ന് സ്ഥിരീകരിച്ചത്.
കുട്ടിക്ക് മുഖത്ത് കടിയേറ്റതാണ് പേ വിഷ ബാധയ്ക്ക് കാരണമായതെന്നാണ് നിഗമനം. മുറിവുകൾ ആഴത്തിലുള്ളതുമായിരുന്നു. കുത്തിവയ്പ് എടുത്തിട്ടും പേ വിഷ ബാധ ഏറ്റത് സംബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പ് പരിശോധിക്കും.
