അതിക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍ കുട്ടിയെ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.
ഇടുക്കി: തൊടുപുഴയിൽ ഏഴ് വയസുകാരന് ക്രൂരമർദ്ദനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ മർദ്ദിച്ചത് രണ്ടാനച്ഛനെന്നാണ് സൂചന. അമ്മയും രണ്ടാനചച്ഛനും പൊലീസ് നിരീക്ഷണത്തിലാണ്.
തൊടുപുഴ കുമാരനെല്ലൂർ സ്വദേശിയായ എഴ് വയസ്സുകാരനാണ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്തറിയുന്നത്. സോഫയിൽ നിന്ന് വീണ് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റെന്നാണ് മാതാപിതാക്കൾ ആശുപത്രി അധികൃതരെ അറിയിച്ചത്.
എന്നാൽ വിശദ പരിശോധനയിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്ത് വന്നതായി കണ്ടെത്തി. തുടർന്ന് പൊലീസിന്‍റെ സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബലമുള്ള വടികൊണ്ടോ ചുമരിലിടച്ചതോ നിമിത്തം തലയോട്ടി പൊട്ടിയതാകാം എന്നാണ് ഡോക്ടർമാരുടെ നിഗമനം. തലയ്ക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടി ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അന്വേഷണത്തിൽ മൂന്നര വയസ്സുള്ള ഇളയകുട്ടിയ്ക്കും മർദ്ദനമേറ്റതായി കണ്ടെത്തി. ഇളയകുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യാമെന്ന തീരുമാനത്തിലാണ് പൊലീസ്. പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടർന്ന് തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരനെ കുട്ടികളുടെ അമ്മ വിവാഹം കഴിക്കുകയായിരുന്നു. ഇയാൾ ലഹരിയ്ക്ക് അടിമയാണോ എന്ന് സംശയമുണ്ട്.
