Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് പലയിടത്തും ഭക്ഷ്യവിഷബാധ: 200-ഓളം പേർ ആശുപത്രിയിൽ, കന്നുകാലികൾക്കും രോഗം

വയനാട് ലക്കിടിയിലെ ജവഹർ നവോദയ സ്കൂൾ, തൃശ്ശൂരിലെ ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റൽ, മൂവാറ്റുപുഴ വര‍്ക്കിംഗ് വിമൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്

Several Food poison cases reported in Kerala
Author
First Published Jan 30, 2023, 1:30 PM IST

കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും ഇന്ന് ഭക്ഷ്യവിഷബാധയുണ്ടായി. വയനാട് ലക്കിടിയിലെ ജവഹർ നവോദയ സ്കൂൾ, തൃശ്ശൂരിലെ ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റൽ, മൂവാറ്റുപുഴ വര‍്ക്കിംഗ് വിമൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കണ്ണൂർ പയ്യന്നൂരിലും കോട്ടയം പമ്പാടിയിലും പശുക്കളിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.

ലക്കിടി ജവഹർ നവോദയ സ്‌കൂളിൽ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. ഛർദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാർഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. അഞ്ഞൂറോളം കുട്ടികളാണ് സ്കൂളിൽ താമസിച്ച് പഠിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് കുട്ടികൾ ചികിത്സ തേടിയത്.  കുട്ടികളുടെ സ്രവ സാമ്പിളുകൾ അലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ ഭക്ഷ്യ വിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകു എന്ന് വയനാട് ഡിഎംഒ വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി പരിശോധന നടത്തി. കുടിവെള്ള സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നോറോ വൈറസ് ബാധയാണോ എന്ന കാര്യം പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയും ചുരുക്കം ചില കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നാണ് വിവരം.

നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന തൃശ്ശൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം. വയറ്റിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്സിംഗ് വിദ്യാർത്ഥിനികൾ നിരീക്ഷണത്തിലാണ്. ഈ മാസം 26 ന് വൈകിട്ടാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.  ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഭക്ഷ്യ വിഷബാധയുണ്ടായതിനെ തുടർന്ന് മൂവാറ്റുപുഴ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നഗരസഭ അടപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആറുപേർക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നഗരത്തിൽ വെള്ളൂർക്കുന്നത്ത് പ്രവർത്തിക്കുന്ന  ആതുരാശ്രമം വർക്കിംഗ് വിമൻസ് ഹോസ്റ്റളിൻറെ ക്യാൻറിനാണ് അടപ്പിച്ചത്. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനക്ക് ശേഷമാണ് നടപടി

കണ്ണൂർ പയ്യന്നൂരിൽ ഇന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു പശു ചത്തു. പത്തോളം പശുക്കൾക്ക് ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. നാല് പശുക്കൾ ഗുരുതരാവസ്ഥയിലാണ്. ക്ഷീരകർഷകൻ അനിലിന്റെ പശുക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 

കോട്ടയം പാമ്പാടിയിൽ മുപ്പതിലേറെ പശുക്കൾക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുണ്ടായി. കെ.എസ് കാലിത്തീറ്റ നൽകിയ പശുക്കൾക്കാണ് രോഗ ലക്ഷണം. 
പാമ്പാടി ഈസ്റ്റ് ക്ഷീര സഹകരണ സംഘത്തിൽ നിന്നാണ് കാലിത്തീറ്റ വിതരണം ചെയ്തത്.  ജനുവരി 28 ന് കാലിത്തീറ്റ കഴിച്ച കന്നുകാലികൾ അവശനിലയിലാവുകയായിരുന്നു. പാൽ ഉൽപ്പാദനവും കുത്തനെ കുറഞ്ഞു. ബാക്കിയുള്ള സ്റ്റോക്ക് തിരിച്ചെടുക്കാമെന്ന് കമ്പനി കർഷകരെ അറിയിച്ചു. നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios