ശക്തമായ കാറ്റും മഴയും കാരണം ദിവസങ്ങളായി തുടരുന്ന അതിരൂക്ഷമായ കടലാക്രമണം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ തീരമേഖലയെ പാടെ ഇല്ലാതാക്കുന്നു

തൃശൂര്‍: ശക്തമായ കാറ്റും മഴയും കാരണം ദിവസങ്ങളായി തുടരുന്ന അതിരൂക്ഷമായ കടലാക്രമണം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ തീരമേഖലയെ പാടെ ഇല്ലാതാക്കുന്നു. അഞ്ച് മീറ്ററോളം താഴ്ചയിലാണ് കരഭാഗങ്ങള്‍ കടല്‍ കവരുന്നത്. രണ്ട് ദിവസങ്ങളിലായി തങ്ങള്‍പ്പടി ബീച്ചിലും, 310 റോഡ് ബീച്ചിലും, മാനവീയം റോഡിലെ ബീച്ചിലും, പെരിയമ്പലം ബീച്ചിലും 40 മീറ്ററോളം കടല്‍ കയറി നാശനഷ്ടങ്ങള്‍ ഉണ്ടായി. റിസോട്ടും, വീടുകളും, കടലാക്രമണം തടയാന്‍ റിസോട്ട് ഭാഗത്ത് നിരത്തിയ കരിങ്കല്ലുകളും കടലെടുത്തു കൊണ്ടിരിക്കുകയാണ്. പെരിയമ്പലം ബീച്ചില്‍ നിന്ന് അണ്ടത്തോട് തീരത്തെ റോഡ് കടലെടുത്ത നിലയിലാണ്. ഇവിടെ കടലാക്രമണം തടയാനായി കോടികള്‍ ചെലവഴിച്ച് എംഎല്‍എ ഫണ്ടില്‍ നിര്‍മ്മിച്ച കരിങ്കല്ല് ഭിത്തി കടലിലേക്ക് ഒലിച്ചുപോയി കൊണ്ടിരിക്കുന്നുമുണ്ട്.

കടലാക്രമണം രൂക്ഷമായത് ഇവിടെത്തെ മല്‍സ്യതൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കായ്‌ഫലമുള്ള തെങ്ങുകളും, മരങ്ങളും, രാമച്ച കൃഷിയും കടല്‍ കവര്‍ന്നുകൊണ്ടിരിക്കുകയാണ്. വിനോദ സഞ്ചാരികളുടെ നിത്യസന്ദര്‍ശന കേന്ദ്രമായ പെരിയമ്പലം ബീച്ച് ഇല്ലാതായികൊണ്ടിരിക്കുന്നു. ഇവിടെ ഉണ്ടായിരുന്ന ചെമ്മീന്‍ ഫാക്ടറിയും, വീടുകളും കടല്‍ കവര്‍ന്നു. ഓരോ വര്‍ഷങ്ങളിലും കടലാക്രമണത്തില്‍ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണുണ്ടാവുന്നത്. ഈ സ്ഥിതിയില്‍ ദിവസങ്ങള്‍ തുടര്‍ന്നാല്‍ പുന്നയൂര്‍ക്കുളം തീരമേഖല പാടെ ഇല്ലാതാകുന്ന അവസ്ഥയിലാണ്. ഓരോ തവണയും കടലാക്രമണ വേളകളില്‍ രാഷ്ട്രിയ നേതാക്കളും, ജനപ്രതിനിധികളും സന്ദര്‍ശിക്കുകയെല്ലാതെ തീരമേഖലക്ക് വേണ്ടി ഒന്നും ശബ്ദിക്കുന്നില്ലെന്നും, കടലാക്രമണം തടയാന്‍ ഒരു പോംവഴി ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നും ആരോപണമുണ്ട്.

YouTube video player