സംഭവ ദിവസംതന്നെ യുവതി പരാതി നൽകിയിട്ടും ഉന്നത സ്വാധീനമുള്ള പ്രതിക്കെതിരെ പോലീസ് കേസെടുത്തത് ഒഴിച്ചാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ ഇതുവരെ വൈദ്യപരിശോധന നടത്തിയില്ല, രഹസ്യമൊഴിയും രേഖപ്പെടുത്തിയില്ല.

കായംകുളം: വാഹന അപകടത്തിൽ പരിക്കേറ്റ യുവതിയ്ക്കു നേരെ കൊടുംക്രൂരത. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ രക്ഷിക്കാനെത്തിയയാള്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. 25 വയസ്സുകാരിയെ ഉപദ്രവിച്ച കായംകുളം വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻറ് സിനിൽ സവാദിനെതിരെ പൊലീസ് ഇതേവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പരാതി പിൻവലിക്കാൻ സിനിലിൻെറ സുഹൃത്തുക്കള്‍ ലക്ഷങ്ങള്‍ വാഗ്ദാനം നൽകിയെന്നും കായം കുളം പോലീസ് സ്റ്റേഷനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി സംഭവത്തിൽ റിപ്പോർട്ട് തേടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രക്ഷകനായി എത്തിയാളിൽ നിന്നുമുണ്ടായ പീഡനത്തിന്റ മാനസികാഘാതത്തിൽ നിന്നും ഇനിയും 25കാരിക്ക് മോചനമുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ നാലിന് പുലർച്ചെയാണ് യുവതിയും കുടുംബ സുഹൃത്തും തീർത്ഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓട്ടോ കായംകുളത്തു വെച്ചു അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനത്തിലേക്ക് മാറ്റുന്നതിനിടെയാണ് സിനിൽ ഉപദ്രവിച്ചത് എന്നാണ് യുവതിയുടെ പരാതി. ആശുപത്രിലെത്തിയ ഉടൻ തനിക്ക് നേരിട്ട ലൈംഗികാതിക്രമം ആശുപത്രി ജീവനക്കാരിയോടും ഡോക്ടറോടും പറഞ്ഞു.

ലൈംഗിക അതിക്രമം നടന്ന കാര്യം കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആശുപത്രി രേഖകളിൽ എഴുതി. അടുത്ത ദിവസം ഗൈനക്കോളജി ഡോക്ടറുടെ പരിശോധനക്കും നിർദ്ദേശിച്ചു. വിവരം അറിഞ്ഞ് കായംകുളം പൊലീസും ആശുപത്രിയിലെത്തി. പരാതിയുമായി മുന്നോട്ടുപോകുന്നുവെന്ന് അറിഞ്ഞതോടെ പണം നൽകി സ്വാധീനിക്കാൻ ശ്രമം തുടങ്ങിയതായി യുവതി പറയുന്നു. അടുത്ത ദിവസം പൊലീസ് കാണിച്ച ഫോട്ടോയിൽ നിന്നാണ് യുവതി പ്രതിയെ തിരിച്ചറിഞ്ഞത്. പക്ഷെ കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും വൈദ്യപരിശോധന നടത്തിയില്ല, രഹസ്യമൊഴി രേഖപ്പെടുത്തിയില്ല. ഒരു ലൈംഗിക അതിക്രമ കേസിൽ ഇരയ്ക്ക് ലഭിക്കേണ്ട പരിഗണനയോ നീതിയോ പൊലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായില്ല. 

​യുവതിയുടെ തുറന്നു പറച്ചിലിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ഇടപെട്ടു. പ്രതിയെ കായംകുളം പൊലിസ് നോട്ടീസ് നൽകി വിട്ടയച്ചിരിക്കുകയാണ്. പൊലീസിൻെറ ഭാഗത്തുണ്ടായ വീഴ്ചയിൽ ആലപ്പുഴ എസ്പിയോട് ഡിജിപി റിപ്പോർട്ട് തേടി. പരാതിക്കാരിയെ വിളിച്ച അടുത്ത നടപടികളിലേക്ക് വേഗത്തിൽ നീങ്ങാനും നിർദ്ദേശം നൽകി. എന്നാൽ താൻ സംഭവ സ്ഥലത്തും ആശുപത്രിയിലും പോയതല്ലാതെ പെണ്‍കുട്ടിയെ ഉപദ്രവിച്ചില്ലെന്നാണ് സി നിൽ പറയുന്നത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News