തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ രാഖി പൊട്ടിക്കാന്‍ ശ്രമിച്ചതിന് എസ് എഫ് ഐ പ്രവര്‍ത്തകന് സസ്പെന്‍ഷന്‍. രാഖി കെട്ടി വന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിന് അമല്‍ മോഹനെയാണ് കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. ഇക്കാര്യം കോളേജിലെ ഉച്ചഭാഷിണിയിലൂടെ അറിയിക്കുകയും ചെയ്തു.

എസ് എഫ് ഐയുടെ കോട്ടയായ കോളേജില്‍ രാഖി കെട്ടി വരാന്‍ കുട്ടികള്‍ ധൈര്യപ്പെട്ടിരുന്നില്ല. കത്തിക്കുത്ത് കേസിന് ശേഷം കോളേജില്‍ മറ്റ് സംഘടനകള്‍ യൂണിറ്റ് രൂപീകരിച്ചതിന് ശേഷമാണ് ഹിസ്റ്ററി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി രാഖി കെട്ടി വന്നത്. എസ് എഫ് ഐക്കാര്‍ പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി രാഖി അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല.

പെണ്‍കുട്ടി ക്ലാസില്‍ കയറിയതോടെ എസ് എഫ് ഐക്കാരും പിന്നാലെയെത്തി. ബഹളമുണ്ടാക്കുകയും ക്ലാസിന്‍റെ ജനാലച്ചില്ലടക്കം ഇവര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. പ്രിന്‍സിപ്പലിന്‍റെ മുറിയുടെ നേരേ എതിര്‍വശത്തുള്ള ക്ലാസിലായിരുന്നു സംഭവം. പെണ്‍കുട്ടി പരാതിപ്പെട്ടതിന് ശേഷമാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.