ഒരാഴ്ച മുമ്പ് വിദ്യാർത്ഥികളും കണ്ടക്ടറും തമ്മിൽ തർക്കമുണ്ടായിരുന്നു. 

കൊച്ചി: കൊച്ചി മഹാരാജാസ് കോളേജിന് മുന്നിൽ ബസ് കണ്ടക്ടറെ ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ച് എസ്എഫ്ഐ പ്രവർത്തകർ. സ്വകാര്യ ബസിലെ കണ്ടക്ടർക്കാണ് മർദ്ദനമേറ്റത്. വിദ്യാര്‍ത്ഥികള്‍ ഇയാളെ നിലത്തിട്ട് ചവിട്ടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഒരാഴ്ച മുമ്പ് വിദ്യാർത്ഥികളും ഇതേ കണ്ടക്ടറും തമ്മിൽ തർക്കമുണ്ടായിരുന്നു. ജൂൺ 13ന് വിദ്യാർത്ഥി നേതാവിനെ ബസ്സിനുള്ളിൽ വെച്ച് ഈ കണ്ടക്ടർ മർദ്ദിച്ചിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ പറയുന്നു.

തുടർന്നും മറ്റ് വിദ്യാർത്ഥികളോട് കണ്ടക്ടർ തട്ടിക്കയറിയെന്നാണ് ഇവരുടെ ആരോപണം. ഇതാണ് ചോദ്യം ചെയ്തതെന്ന് എസ്എഫ്ഐ ഏരിയ നേതൃത്വം വിശദമാക്കുന്നു. ചോറ്റാനിക്കര - ആലുവ റൂട്ടിൽ ഓടുന്ന സാരഥി ബസ് കണ്ടക്ടറെയാണ് മർദ്ദിച്ചത്. പ്രധാന നിരത്തിൽ വാഹനം തടഞ്ഞായിരുന്നു എസ്എഫ്ഐയുടെ മര്‍ദ്ദനം. ചോറ്റാനിക്കര സ്വദേശി ജഫിനാണ് മർദ്ദനമേറ്റത്. രണ്ട് സംഭവങ്ങളുടെയെും മൊബൈൽ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.