ധീരജ് രാജേന്ദ്രനെ കുത്തിയത് കെ എസ് യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എസ്എഫ് ഐയും സിപിഎമ്മും ആരോപിച്ചു. സംഘർഷമില്ലാതിരുന്ന കോളേജിൽ പുറത്തുനിന്നുമെത്തിയ സംഘമാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിപിഎം കുറ്റപ്പെടുത്തി.

ഇടുക്കി: എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ (SFI) വിദ്യാർത്ഥി ധീരജ് രാജേന്ദ്രനെ (Dheeraj Rajendran) കുത്തിയത് കെഎസ് യു - യൂത്ത് കോൺഗ്രസ് (Youth Ccongress) പ്രവർത്തകരെന്ന് എസ്എഫ് ഐയും (SFI) സിപിഎമ്മും (CPM) ആരോപിച്ചു. സംഘർഷമില്ലാതിരുന്ന കോളേജിൽ പുറത്തുനിന്നുമെത്തിയ സംഘമാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിപിഎം കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട ധീരജിനെ കുത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയാണെന്ന് മന്ത്രി എം.എം.മണി പറഞ്ഞു.

സമാധാനപരമായ തെരഞ്ഞെടുപ്പായിരുന്നു കോളേജിൽ നടന്നത്. പുറത്ത് നിന്നുമെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രശ്നമുണ്ടാക്കിയതെന്നും എംഎം മണി കുറ്റപ്പെടുത്തി. സംഘമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സിപിഎം ജില്ലാസെക്രട്ടറി സി.വി.വര്‍ഗീസും പ്രതികരിച്ചു. കോളേജ് തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വിദ്യാര്‍ത്ഥികളെ കുത്തുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകരും പ്രതികരിച്ചു.

കുത്തേറ്റത് നെഞ്ചിൽ,നിഖിൽപൈലി ഓടിരക്ഷപ്പെടുന്നത് കണ്ടെന്ന് ആശുപത്രിയിലെത്തിച്ചയാൾ

YouTube video player

ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂർ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ട് വിദ്യാർത്ഥികളായ അഭിജിത്, അമൽ എന്നിവരുടെ 
പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശി ധീരജ് ഏഴാം സെമസ്റ്റർ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. ധീരജിന്റെ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.