തിരുവനന്തപുരം: ഏറെ സ്വപ്നം കണ്ട് യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാനെത്തിയിട്ടും എസ്എഫ്ഐക്ക് വഴങ്ങാത്തതിന്‍റെ പേരിൽ പഠനവും ജീവിതവും വഴിമുട്ടിയ നിലയിലാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ സൈക്ലിംഗ് താരം അജ്മൽ. ദേശീയ അന്തർദേശീയ ചാമ്പ്യൻഷിപ്പുകളും, റെയിൽവെയിൽ ജോലിയും എല്ലാം പ്രതീക്ഷിച്ച് യൂണിവേഴ്സിറ്റി കോളേജിലെത്തിയ അജ്മലിന് ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്. 

എസ്എഫ്ഐയുടെ സംഘടനാ കടുംപിടുത്തങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ തയ്യാറാകാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് അജ്മൽ പറയുന്നത്. സെക്രട്ടേറിയറ്റ് മാര്‍ച്ച് അടക്കം പ്രതിഷേധങ്ങളിൽ പങ്കെടുക്കാനും യൂണിയൻ നേതാക്കൾക്കെതിരായ കേസ് ഏറ്റെടുത്ത് ജയിലിൽ പോകാനും നിര്‍ബന്ധിച്ചപ്പോൾ വഴങ്ങിയില്ല. അതിന്‍റെ വൈരാഗ്യം എസ്എഫ്ഐ തീര്‍ത്തത് ക്രൂരമായി മര്‍ദ്ദിച്ചാണെന്ന് അജ്മൽ പറയുന്നു. 

 ക്രൂര മര്‍ദ്ദനമേറ്റ് യൂണിവേഴ്സിറ്റി കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയും സൈക്ലിംഗ് താരവുമായിരുന്ന അജ്മലിന്‍റെ കാൽമുട്ട് തകര്‍ന്നു.  ശസ്ത്രക്രിയ നടത്തി കാലിൽ കമ്പിയിടേണ്ടിവന്നു. സൈക്കിൾ ചവിട്ടാൻ പോലും കഴിയാത്ത വിധം അജ്മൽ കിടപ്പിലായി. ജീവത്തിൽ  ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ചെറുപ്പക്കാരനിപ്പോൾ പഠനവും സ്പോര്‍ട്സും എല്ലാം ഉപേക്ഷേിച്ച് കൂലിപ്പണിക്ക് പോകേണ്ട ഗതികേടിലാണ്. 

"മതിയാക്കാം ഗുണ്ടായിസം"  എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിൽ അജ്മലിന്‍റെ ഇപ്പോഴത്തെ അവസ്ഥ കാണാം:"

2016 ൽ ആണ് അജ്മൽ യൂണിവേഴ്സിറ്റി കോളേജിന്‍റെ പടിയിറങ്ങുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ ക്യാമ്പസ് അതിക്രമങ്ങളിൽ ഭാവി ജീവിതം ഇരുളടഞ്ഞ് പോയ നിരവധി പേരുണ്ടെന്നാണ് അജ്മൽ പറയുന്നത്. യൂണിയൻ നേതാക്കളുടെ നിരന്തര മാനസിക പീഡനം സഹിക്കാൻ കഴിയാതെ ടിസി വാങ്ങിപ്പോയ കെമിസ്ട്രി വിദ്യാര്‍ത്ഥിനി നിഖിലയും കുത്തേറ്റ് വീണ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യൻ അഖിലുമെല്ലാം അവസാന കണ്ണികൾ മാത്രമാണെന്നും അജ്മൽ പറയുന്നു.