കെഎസ്‍യുവിൻെറ പരാതിയിൽ 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എസ്എഫ്ഐയുടെ പരാതിയിൽ എട്ട് പേർക്കെതിരെയും കേസെടുത്തു. പക്ഷെ ഇതേവരെ പൊലീസ് ആരെയും അറസ്റ്റ് ചെയ്തില്ല.
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിൽ (Thiruvananthapuram Law College) കെഎസ്‍യു (KSU) വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്. പൊലീസ് നടപടി ഇനിയും വൈകിയാല്‍ മന്ത്രിമാരെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യൂണിയൻ ഉദ്ഘാടന ദിവസം രാത്രിയിലാണ് എസ്എഫ്ഐ- കെഎസ്‍യു പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ കെഎസ്‍യു യൂണിറ്റ് പ്രസിഡൻ്റ് സഫ്നയെ നിലത്തിട്ട് വലിച്ചിഴച്ചു. വർഷങ്ങള്‍ക്ക് ശേഷം കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് കെഎസ്‍യുവിൻെറ മേഘ സുരേഷ് ജയിച്ച ശേഷം കോളേജിൽ സംഘർഷം നിലനിൽക്കുകയായിരുന്നു. സംഘർഷത്തിൽ ഇരുകൂട്ടരുടെയും പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു.
കെഎസ്‍യുവിൻെറ പരാതിയിൽ 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എസ്എഫ്ഐയുടെ പരാതിയിൽ എട്ട് പേർക്കെതിരെയും കേസെടുത്തു. പക്ഷെ ഇതേവരെ പൊലീസ് ആരെയും അറസ്റ്റ് ചെയ്തില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത് എന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം.
സഫ്നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വകുപ്പിൽ മാറ്റം വരുത്തിയെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഇതേ വരെ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് കെഎസ്‍യു ആരോപിക്കുന്നു. കോളേജിലെ സംഘർഷത്തിന് ശേഷം കെഎസ്‍യു പ്രവർത്തകർ താമസിക്കുന്ന വീട്ടിൽ കയറിയും എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. അതേസമയം ബോധപൂർവ്വം വാർത്ത സൃഷ്ടിക്കാൻ കെഎസ്‍യുവാണ് ആക്രണമം നടത്തിയതെന്നാരോപിച്ച് എസ്എഫ്ഐ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. സഫ്ന അടക്കമുള്ള പെണ്‍കുട്ടികളെ കവചമാക്കി അക്രമം അഴിച്ചുവിട്ടത് കെഎസ്‍യുവാണെന്ന് എസ്എഫ്ഐ ആരോപിച്ചു.
നേരത്തെ, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ മര്‍ദ്ദനത്തെ അപലപിച്ച് രാഹുൽ ഗാന്ധിയടക്കം രംഗത്ത് വന്നിരുന്നു. കേരള സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചായിരുന്നു രാഹുലിന്റെ എഫ് ബി പോസ്റ്റ്.
ലോ കോളേജ് അതിക്രമത്തില്‍ എസ് എഫ് ഐക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി കഴിഞ്ഞ ദിവസം ലോക്സഭയിൽ ആവശ്യപ്പെട്ടു.നിരന്തരമായി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങൾ പോലും എസ്എഫ്ഐ നിഷേധിക്കുകയാണെന്നും എംപി ലോകസഭയിൽ ഉന്നയിച്ചിരുന്നു.
